സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ തലപ്പത്ത്; റയലിന് സമനില
ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ന്യൂകാസില്‍ യുനൈറ്റഡ്.
മാഡ്രിഡ്:2020 അവസാനിക്കുമ്പോള്‍ സ്പാനിഷ് ലീഗിന്റെ തലപ്പത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. ഗെറ്റാഫെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിമിയോണിയുടെ കുട്ടികള്‍ ഒന്നില്‍ നിലയുറപ്പിച്ചത്. 20ാം മിനിറ്റിലെ ലൂയിസ് സുവാരസിന്റെ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് തുണയായത്. ഇന്ന് നടന്ന മറ്റൊരു നിര്‍ണ്ണായക മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് കാലിടറി. എല്‍ഷെയുടെ മുന്നില്‍ 1-1ന്റെ സമനിലയിലാണ് സിദാന്റ കുട്ടികള്‍ വീണത്. ലൂക്കാ മൊഡ്രിക്കിലൂടെ 20ാം മിനിറ്റില്‍ റയല്‍ ലീഡെടുത്തെങ്കിലും 52ാം മിനിറ്റില്‍ എല്‍ഷെ ഷാവസിലൂടെ സമനില പിടിക്കുകയായിരുന്നു. അത്‌ലറ്റിക്കോയേക്കാള്‍ രണ്ട് പോയിന്റു കുറവുമായി റയല്‍ രണ്ടാം സ്ഥാനത്താണ്.
അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ന്യൂകാസില്‍ യുനൈറ്റഡ്. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലിവര്‍പൂളിന് ഇന്ന് നിര്‍ഭാഗ്യത്തിന്റെ ദിവസമായിരുന്നു. ഒന്നാം സ്ഥാനത്താണെങ്കിലും ലിവര്‍പൂളിന് പോയിന്റ് നിലയില്‍ ലീഡെടുക്കാനുള്ള അസുലഭ മല്‍സരമാണ് സമനിലയിലായത്. ഇന്ന് നടക്കേണ്ടിയിരുന്ന ഫുള്‍ഹാം ടോട്ടന്‍ഹാം മല്‍സരം ഉപേക്ഷിച്ചു. ഫുള്‍ഹാം ക്ലബ്ബിലെ ചില സ്റ്റാഫുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നതിനെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിച്ചത്.