സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു; ഇത് ചെല്‍സിയുടെ പുതുചരിത്രം
ലണ്ടന്‍: ചരിത്രത്തിലാദ്യമായി ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ബാങ്ക് വിളിയും നോമ്പുതുറയും നടന്നു. ലണ്ടന്‍ നഗരത്തെ ആവേശഭരിതമാക്കിയ നോമ്പുതുറ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് നടന്നത്. ആയിരകണക്കിന് പേരാണ് നോമ്പുതുറയ്ക്കായി എത്തിയത്. ചെല്‍സിയുടെ ചാരിറ്റി വിഭാഗവും റമദാന്‍ ടെന്റ് പ്രൊജക്ടും ചേര്‍ന്നാണ് മതമൈത്രി ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായി നോമ്പുതുറ നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായാണ് ഒരു ക്ലബ്ബ് നോമ്പുതുറ സംഘടിപ്പിക്കുന്നത്.അത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒരു ക്ലബ്ബ് ആയത് മറ്റൊരു നിമിത്തവും. നോമ്പുതുറയ്ക്ക് ശേഷം സമൂഹ നമസ്‌കാരവും സ്റ്റേഡിയത്തില്‍ നടന്നു.
ദക്ഷിണ ലണ്ടനിലെ ബാറ്റര്‍സീ മസ്ജിദിലെ ഇമാം സഫ്വാന്‍ ഹുസൈന്റെ ഉത്ബോധനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചെല്‍സി ഫൗണ്ടേഷന്‍ തലവന്‍ സിമോണ്‍ ടൈലര്‍, ഫൗണ്ടേഷന്‍ ബോര്‍ഡ് ഡയരക്ടര്‍ ഡാനിയല്‍ ഫിങ്കല്‍സ്റ്റൈന്‍, സാമൂഹികസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിലീഫിന്റെ യു.കെ ഡയരക്ടര്‍ തുഫൈല്‍ ഹുസൈന്‍, റമദാന്‍ ടെന്റ് ഉപദേശക സമിതി അംഗം ദൗഷാന്‍ ഹംസ, ചെല്‍സിയുടെ കറുത്തവംശജനായ ആദ്യതാരം പോള്‍ കനോവില്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
നേരത്തെ ക്ലബ് ഭാരവാഹികള്‍, ആരാധകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പ്രാദേശിക പള്ളി ഭാരവാഹികള്‍, ചെല്‍സിയുടെ മുസ്ലിം കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവരെ ഇഫ്താറിലേക്ക് ക്ഷണിച്ച് ചെല്‍സി പ്രസ്താവന പുറത്തിറക്കിയിരുന്നു.നോ ഹെയ്റ്റ് ക്യാംപയിനാണ് റമദാനില്‍ ആഗ്രഹിക്കുന്നതെന്ന് ചെല്‍സി ഫൗണ്ടേഷന്‍ മേധാവി സൈമണ്‍ ടൈലര്‍ പറഞ്ഞു. മതസഹിഷ്ണുത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഗോളോ കാന്റെ, കൗലിബേ, ഫൊഫാന എന്നീ ചെല്‍സി താരങ്ങളെല്ലാം റമദാനില്‍ നോമ്പെടുക്കുന്നവരാണ്.