ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടി; ലെവന്‍ഡോസ്‌കിക്ക് എല്‍ ക്ലാസ്സിക്കോയും ചാംപ്യന്‍സ് ലീഗും നഷ്ടപ്പെടും

ബാഴ്സലോണ: ബാഴ്സലോണയുടെ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കിക്ക് വരാനിരിക്കുന്ന എല്‍ ക്ലാസികോ, ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെല്‍റ്റാ വിഗോയ്ക്കിടെയുണ്ടായ പരിക്കാണ് താരത്തിനും ക്ലബ്ബിനും തിരിച്ചടിയായത്. ലെവന്‍ഡോസ്‌കിക്ക് മൂന്ന് മുതല്‍ നാല് ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് ഫാബ്രീസിയോ റൊമാനോ ഉള്‍പ്പെടെയുള്ള പ്രമുഖ ഫുട്ബോള്‍ ജേര്‍ണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെവന്‍ഡോസ്‌കിയുടെ ഇടത് തുടയ്ക്ക് പരിക്കേറ്റതായും, താരത്തിന്റെ തിരിച്ചുവരവ് എപ്പോഴായിരിക്കും എന്ന കാര്യം പരിക്ക് ഭേദമാകുന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നും പ്രസ്താവനയിലൂടെ ക്ലബ്ബ് അറിയിച്ചു.
ഈ സീസണില്‍ 40 ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിയുടെ അഭാവം ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുക. പരിക്ക് സ്ഥിരീകരിച്ചതോടെ റയല്‍ മാഡ്രിഡിനെതിരായ കോപാ ഡെല്‍ റേ മത്സരത്തില്‍ ലെവന്‍ഡോസ്‌കി ഉണ്ടായേക്കില്ല എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ ഇന്റര്‍ മിലാനെതിരായ ചാംപ്യന്‍സ് ലീഗ് സെമിയിലും 36കാരന്‍ കളിച്ചേക്കില്ല.
ലാലിഗയില്‍ 32 മത്സരങ്ങളില്‍ നിന്ന് 73 പോയിന്റുമായി ഒന്നാമതാണ് ബാഴസലോണ. വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ ബാഴ്സയ്ക്ക് ലീഗ് കിരീടം ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. 25 ഗോളുകളുമായി ലാലിഗയിലെ ഗോളടിക്കാരുടെ പട്ടികയില്‍ ലെവന്‍ഡോസ്‌കിയാണ് നിലവില്‍ മുന്നില്‍.