കണ്ണീരോടെ മെസ്സി ബാഴ്‌സയോട് വിട പറഞ്ഞു; വീണ്ടും തിരിച്ചെത്തുമെന്നും താരം
മെസ്സിയെ കാണാനായി 10,000 കണക്കിന് ആരാധകരാണ് ക്ലബ്ബിന് പുറത്ത് ഒത്തുകൂടിയത്.
ക്യാംപ് നൗ:ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി കണ്ണീരോടെ ക്ലബ്ബിനോട് വിടപറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം ഔദ്ദ്യോഗികമായി ക്ലബ്ബിനോട് യാത്ര പറഞ്ഞത്.താന്‍ എന്നും ബാഴ്‌സയുടെ താരമായിരുന്നുവെന്നും ബാഴ്‌സ വിടാന്‍ മനസ്സു കൊണ്ട് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. ബാഴ്‌സലോണ തന്റെ വീടായിരുന്നു. 20 വര്‍ഷമായി ഇവിടെ. ക്ലബ്ബിനോട് വിടപറയാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച രീതിയിലാവും താന്‍ പോവുക. പിഎസ്ജിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ബാഴ്‌സയിലേക്ക് തിരിച്ചുവരും. ഇപ്പോള്‍ താല്‍ക്കാലികമായ വിടപറയല്‍. തന്റെ വീടായ ബാഴ്‌സയിലേക്ക് ഉടന്‍ തിരിച്ചെത്തും. ക്ലബ്ബും ആരാധകരും തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്‍തുണയ്ക്കും നന്ദി-മെസ്സി പറഞ്ഞു.
ക്യാംപ് നൗവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പല തവണ താരം കരഞ്ഞു. മെസ്സിയെ കാണാനായി 10,000 കണക്കിന് ആരാധകരാണ് ക്ലബ്ബിന് പുറത്ത് ഒത്തുകൂടിയത്.
ബാഴ്‌സയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു മെസ്സിയെ നിലനിര്‍ത്തുക എന്നത്. ഒടുവില്‍ അവര്‍ ആ ഡീലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.മെസ്സി ക്ലബ്ബ് വിട്ടെന്ന യാഥാര്‍ത്ഥ്യത്തോടെ യോജിക്കാന്‍ കഴിയുന്നില്ലെന്ന് കോച്ച് കോമാനും പറഞ്ഞു.