പിഎസ്ജി സ്വപ്നം തകര്‍ന്നു; ബയേണ്‍ യൂറോപ്യന്‍ ചാംപ്യന്‍മാര്‍

ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് യൂറോപിലെ ക്ലബ്ബ് ഫുട്ബോള്‍ രാജാക്കന്‍മാരായി. ഫ്രഞ്ച് താരമായ കിങ്സലി കോമാനാണ് പിഎസ്ജിയുടെ അന്തകനായത്.

Update: 2020-08-24 04:11 GMT

ലിസ്ബണ്‍: ആദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാമെന്ന പിഎസ്ജി മോഹം പൊലിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് യൂറോപിലെ ക്ലബ്ബ് ഫുട്ബോള്‍ രാജാക്കന്‍മാരായി. ഫ്രഞ്ച് താരമായ കിങ്സലി കോമാനാണ് പിഎസ്ജിയുടെ അന്തകനായത്. താരത്തിന്റെ 59ാം മിനിറ്റിലെ ഗോളാണ് മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത്.

ലീഗിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് അപൂര്‍വ റെക്കോഡുമായാണ് ജര്‍മന്‍ ചാംപ്യന്‍മാര്‍ ആറാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയത്. ഏറ്റവും മികച്ച ഫുട്ബോളിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിച്ചത്. 19ാം മിനിറ്റില്‍ നെയ്മറിന്റെ ഒരു ഷോട്ട് കഷ്ടിച്ച് മിസ്സാവുകയായിരുന്നു. ഡി മരിയ, എംബാപ്പെ എന്നിവര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നുയര്‍ എന്ന ബയേണ്‍ ഗോളിയെ തടുക്കുക പ്രയാസമായിരുന്നു.

രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ വലത് വിങ്ങില്‍നിന്ന് കിമ്മിച്ച് നല്‍കിയ ക്രോസ് കോമാന്റെ ഹെഡറിലൂടെ ഗോള്‍ വലയിലേക്ക് വരികയായിരുന്നു. ഈ ഗോളാണ് ബയേണിന് ചരിത്രനേട്ടം നല്‍കിയത്. തുടര്‍ന്ന് പിഎസ്ജി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നുയര്‍ എന്ന വന്‍ മതിലിനെ തകര്‍ക്കാന്‍ പറ്റിയില്ല. സീസണിലെ ബയേണിന്റെ മൂന്നാം കിരീടമാണിത്. ആദ്യമായി യൂറോപ്യന്‍ കിരീടം നേടാനുള്ള നെയ്മറിന്റെ പിഎസ്ജിയുടെ സ്വപ്നത്തിനായി ഇനിയും കാത്തിരിക്കണം. 

Tags:    

Similar News