ജയിച്ചാല്‍ പ്ലേ ഓഫ്; കണ്ഠീരവ സ്റ്റേഡിയത്തില്‍ മഞ്ഞപ്പട ബെംഗളൂരുവിനെതിരേ; മല്‍സരം തീപ്പാറും
ബെംഗളൂരുവിനെ ഇന്ന് തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.
ബെംഗളൂരു: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മികച്ച ഫോമിലുള്ള ബെംഗളൂരു എഫ് സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം.
ചെന്നൈയിന്‍ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് വിജയവഴിയില്‍ എത്തിയ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബെംഗളൂരു എഫ്സിക്കെതിരേ ഇറങ്ങുന്നത്. മുപ്പത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. നോക്കൗട്ടിലേക്ക് ബ്ലാസ്റ്റേഴ്സിനൊപ്പം മത്സരിക്കുന്ന ബെംഗളൂരുവിനെ ഇന്ന് തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.
സ്ഥിരതയല്ലാത്ത പ്രതിരോധ നിരയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ആശങ്ക. പരിക്കേറ്റ മാര്‍കോ ലെസ്‌കോവിച്ചിന്റെ അഭാവം മറികടക്കുകയാണ് പ്രധാന വെല്ലുവിളി. അവസാന അഞ്ച് കളിയും ജയിച്ചുനില്‍ക്കുന്ന ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ കീഴടക്കുക എളുപ്പമല്ല. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റതിന്റെ പകയുമായാണ് ബെംഗളൂരു ഇറങ്ങുക.17 കളിയില്‍ 25 പോയിന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്സിയുമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി അഞ്ച് ടീമുകള്‍ തമ്മിലാണ് പോരാട്ടം.
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ബെംഗളൂരുവിലും ടീമിന് കരുത്താവുമെന്ന് കോച്ച് വുകോമനോവിച്ച് പറഞ്ഞു.ശേഷിക്കുന്ന കളികളില്‍ എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്സി എന്നിവരാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.