അര്‍ജന്റീനന്‍ കുതിപ്പ് തടയാന്‍ നാളെ കാനറികള്‍ ഇറങ്ങുന്നു; നെയ്മര്‍ പുറത്ത്

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം.

Update: 2021-11-16 09:51 GMT


ബ്യൂണസ് ഐറിസ്: പരാജയമറിയാതെയുള്ള ലയണല്‍ മെസ്സിയുടെയും കൂട്ടരുടെയും കുതിപ്പിന് തടയിടാന്‍ നാളെ കാനറികൂട്ടം ഇറങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലാണ് ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം. രണ്ട് മാസം മുമ്പ് ബ്രസീലില്‍ നടക്കേണ്ട യോഗ്യത മല്‍സരം ഉപേക്ഷിച്ചിരുന്നു. അര്‍ജന്റീനന്‍ താരങ്ങള്‍ കൊവിഡ് ക്വാറന്റീന്‍ പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു മല്‍സരം തുടങ്ങി മിനുറ്റുകള്‍ക്കകം ഉപേക്ഷിച്ചത്.


കോപ്പാ അമേരിക്ക കിരീടം കൈവിട്ടതിന്റെ പ്രതികാരം വീട്ടുക എന്ന ലക്ഷ്യമാണ് മഞ്ഞപ്പടയ്ക്കുള്ളത്. ബ്രസീല്‍ ലോകകപ്പിനായി നേരത്തെ യോഗ്യത നേടിയതാണ്.

 26 മല്‍സരങ്ങളിലെ അപരാജിത കുതിപ്പുള്ള അര്‍ജന്റീന കോച്ച് സ്‌കലോണിക്ക് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, പൗളോ ഡിബാല, ഡി മരിയ എന്നിവരെല്ലാം നാളെ ടീമിനായി ഇറങ്ങും. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇറങ്ങില്ല. നെയ്മര്‍-മെസ്സി പോരാട്ടം കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ക്ക് നിരാശ നല്‍കുന്ന പ്രസ്താവനയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കിയത്. പരിശീലനത്തിനിടെ സൂപ്പര്‍ താരത്തിന്റെ തുടയെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നെയ്മര്‍ ക്യാംപ് വിട്ട് പാരിസിലേക്ക് തിരിച്ചു. പാരിസില്‍ താരം കൂടുതല്‍ ചികില്‍സ നടത്തും. നെയ്മറിന് പകരം സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ടീമില്‍ ഇടം പിടിച്ചേക്കും. പരിക്ക് മാറി എത്തിയ ലയണല്‍ മെസ്സി നാളെ ടീമിനൊപ്പം ഇറങ്ങുമെന്ന് കോച്ച് അറിയിച്ചു. മെസ്സി പൂര്‍ണ്ണ ഫിറ്റനാണെന്നും മെസ്സി മുഴുവന്‍ സമയം ടീമിനായി ഇറങ്ങുമെന്നും സ്‌കലോണി അറിയിച്ചു.




Tags:    

Similar News