കാമറൂണിനെതിരേ ഒത്തിണക്കം കിട്ടാതെ മഞ്ഞപ്പട
ഗ്രൂപ്പിലെ സെര്‍ബിയ-സ്വിറ്റ്‌സര്‍ലന്റ് മല്‍സരം അവസാനിച്ചത് 3-2നാണ്.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇതിനോടകം അട്ടിമറിക്കപ്പെട്ട ടീമുകളാണ് ജര്‍മ്മനി,അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവര്‍. ഇവര്‍ക്കൊപ്പം ബ്രസീലും ഇന്ന് ഇടം പിടിച്ചിരുന്നു. താരസമ്പത്തിനാല്‍ പേരുകേട്ട മഞ്ഞപ്പട ഇന്ന് ആഫ്രിക്കന്‍ ശക്തികളോട് അടിയറവ് പറയുകയായിരുന്നു. നിരന്തരം ആക്രമിച്ച് കളിച്ചിട്ടും കാമറൂണ്‍ പ്രതിരോധം മറികടക്കാന്‍ കാനറികള്‍ക്കായില്ല. നിരവധി ഗോള്‍വസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ടീറ്റെയുടെ ശിഷ്യന്‍മാര്‍ക്കായില്ല. തനത് താളം കണ്ടെത്താനോ ഒത്തിണക്കത്തോടെ കളിക്കാന്‍ കാനറികള്‍ക്കായില്ല. സൂപ്പര്‍ താരം നെയ്മറിന്റെ കുറവ് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്റിനെതിരേയും മഞ്ഞപ്പടയെ നെയ്മറിന്റെ അഭാവം കാര്യമായി ബാധിച്ചിരുന്നു.
പ്രധാനപ്പെട്ട ഏഴ് താരങ്ങളെ ടീറ്റെ പുറത്തിരുത്തിയാണ് ടീമിനെ ഇറക്കിയത്. എങ്കിലും കാമറൂണിനെ പൊരുതി വീഴ്ത്തിനുള്ള ഒന്നാം നമ്പര്‍ താരങ്ങള്‍ തന്നെയാണ് ഇന്നും ഇറങ്ങിയത്. ആന്റണി, റഫീനാ, ജീസുസ്, മാര്‍ട്ടിനെല്ലി, റൊഡ്രിഗോ, ഫാബിനോ, ടെല്ലസ്, ബ്രമര്‍, മിലിട്ടാവോ എന്നിവരെല്ലാം യൂറോപ്പിലെ പ്രമുഖ ക്ലബ്ബിലെ ഒന്നാം നമ്പര്‍ താരങ്ങളാണ്. എന്നാല്‍ കാമറൂണ്‍ വന്‍ മതില്‍ ഭേദിക്കാന്‍ അവര്‍ക്കായില്ല. നെയ്മറിനെ പോലെ ഒരു താരം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ലാത്തത് ബ്രസീലിനെ കാര്യമായി ബാധിച്ചു.കാമറൂണ്‍ ഗോളിയുടെ മികച്ച സേവുകളും ബ്രസലീന് വില്ലനായി. ബ്രസീല്‍ കൂടുതല്‍ ഗോള്‍ വഴങ്ങാത്തതിന് പിന്നില്‍ എഡേഴ്‌സണന്റെ മികവ് മാത്രമായിരുന്നു. ഒടുവില്‍ കിരീട ഫേവററ്റുകളായി വന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയെന്ന നാണക്കേട് കാനറികളും അക്കൗണ്ടിലിട്ടു.
ഗ്രൂപ്പിലെ സെര്‍ബിയ-സ്വിറ്റ്‌സര്‍ലന്റ് മല്‍സരം അവസാനിച്ചത് 3-2നാണ്. ഹെര്‍ഡാന്‍ ഷാഖിറി(20), ബ്രീല്‍ എമ്പോളോ (44), റിമോ ഫ്രൂളര്‍ (48) എന്നിവരാണ് സ്വിസിനായി സ്‌കോര്‍ ചെയ്തത്. അലക്‌സാണ്ടര്‍ മിട്രോവിച്ച് (26), ദുസന്‍ വാല്‍ഹോവിച്ച് (35) എന്നിവരിലൂടെയാണ് സെര്‍ബിയ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ഒടുവില്‍ സ്വിസിനൊപ്പമായിരുന്നു വിജയം.