ചാംപ്യന്‍സ് ലീഗ്; റൊണോ പ്രതീക്ഷയില്‍ യുവന്റസ് ഇന്നിറങ്ങും

ആദ്യപാദത്തില്‍ 2-0ന് മുന്നിലുള്ള മാഡ്രിഡിനെ ഏതുവിധേനയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാമെന്നാണ് യുവന്റസിന്റെ മോഹം. ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വച്ച് റയലില്‍നിന്നും ടീമിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മല്‍സരത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തത് യുവന്റസിന് ആശങ്കയാണ്.

Update: 2019-03-12 05:59 GMT

ടൂറിന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്റസ് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യപാദത്തില്‍ 2-0ന് മുന്നിലുള്ള മാഡ്രിഡിനെ ഏതുവിധേനയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാമെന്നാണ് യുവന്റസിന്റെ മോഹം. ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വച്ച് റയലില്‍നിന്നും ടീമിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മല്‍സരത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തത് യുവന്റസിന് ആശങ്കയാണ്. എന്നിരുന്നാലും ടീമിന്റെ എല്ലാ പ്രതീക്ഷയും ക്രിസ്റ്റിയിലാണ്.

കഴിഞ്ഞ മല്‍സരത്തില്‍ ടീമിലാര്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇന്ന് വന്‍ മാര്‍ജിനില്‍ ജയിക്കേണ്ടത് യുവന്റസിന് അത്യാവശ്യമാണ്. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വിയറിയാതെ പോകുന്ന യുവന്റസിന് മാസങ്ങള്‍ക്ക് ശേഷം കാലിടറിയതും അത്‌ലറ്റിക്കോ മാഡ്രിഡിനും മുന്നിലാണ്. സ്പാനിഷ് ലീഗില്‍ നാലാംസ്ഥാനത്തുള്ള മാഡ്രിഡ് നിലവില്‍ മികച്ച ഫോമിലാണ്. ചാംപ്യന്‍സ് ലീഗിന് മുന്നോടിയായി താരത്തിന് ഇറ്റാലിയന്‍ ലീഗില്‍നിന്നും ക്ലബ് വിശ്രമം നല്‍കിയിരുന്നു. മാഡ്രിഡിന്റെ തട്ടകത്തില്‍ ഇന്ന് രാത്രി 1.30 നാണ് മല്‍സരം.

ഇന്ന് സമനില നേടിയാലും സിമിയോണിയുടെ ടീമിന് ക്വാര്‍ട്ടറില്‍ കയറാം. ഗോഡിന്‍, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവരെ മറികടക്കുക യുവന്റസിന് പ്രയാസമായിരിക്കും. ഗ്രീസ്മാന്‍, മൊറാട്ട, ഡീഗോ കോസ്റ്റ തുടങ്ങിയ മുന്നേറ്റനിരയെയും യുവന്റസ് തടയേണ്ടതുണ്ട്. എന്നാല്‍, പിന്നില്‍നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവന്റസിന് മാഡ്രിഡിന്റെ ആദ്യപാദ വിജയം ഒരുതരത്തിലും ബാധിക്കില്ല. റൊണാള്‍ഡോയ്‌ക്കൊപ്പം മാന്‍സുകിച്ചിനെയും ഡിബാലയേയും യുവന്റസ് ഇറക്കും. റയലില്‍ ഹാട്രിക്ക് കിരീടം നേടിയ റൊണാള്‍ഡോയിലൂടെ കിരീടം നേടാമെന്ന മോഹവുമായാണ് യുവന്റസ് ഇന്നിറങ്ങുക. മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ലയോണിനെ നേരിടും. 

Tags:    

Similar News