ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നാളെ; യൂറോപ്പിലെ രാജാവാകാന്‍ പിഎസ്ജിയും ബയേണും
ലിസ്ബണില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.30നാണ് മല്‍സരം. ഈ സീസണിലെ അവസാന ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനാണ് ലിസ്ബണില്‍ നാന്ദ്യം കുറിക്കുന്നത്.
ലിസ്ബണ്‍: യൂറോപ്പിലെ ക്ലബ്ബ് ഫുട്‌ബോള്‍ രാജാവാരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യൂവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യൂറോപ്പ്യന്‍ കിരീടം നേടാന്‍ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയുമാണ് കൊമ്പുകോര്‍ക്കുന്നത്. വമ്പന്‍ ഫോമിലുള്ള രണ്ട് ക്ലബ്ബുകളാണ് ഇത്തവണ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.
ലിസ്ബണില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.30നാണ് മല്‍സരം. ഈ സീസണിലെ അവസാന ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനാണ് ലിസ്ബണില്‍ നാന്ദ്യം കുറിക്കുന്നത്. ബയേണിന്റെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അവര്‍ നിലവില്‍ കളിക്കുന്നത്. ബുണ്ടസാ ലീഗില്‍ കിരീടം നേടിയ ബയേണ്‍ തങ്ങളുടെ ആറാം ചാംപ്യന്‍സ് ലീഗ് കിരീടം തേടിയാണ് ലിസ്ബണില്‍ കളിക്കുക.
പിഎസ്ജിയാവാട്ടെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്നത്. ഈയവസരം വിനിയോഗിച്ച് കന്നിക്കിരീടം നേടാനാണ് പിഎസ്ജിയുടെ ശ്രമം. കൊറോണയെ തുടര്‍ന്ന് ഫ്രഞ്ച് ലീഗ് പാതിവഴിയില്‍ ഉപേക്ഷിക്കുകയും പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ആയിരുന്നു. 12 പോയിന്റിന്റെ ലീഡോടെയാണ് അവര്‍ കിരീടം നേടിയത്.
ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയെയും സെമിയില്‍ ലെപ്‌സിഗിനെയുമാണ് പിഎസ്ജി തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ബാഴ്‌സയെയും സെമിയില്‍ ലിയോണിനെയുമാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ബയേണിന്റെ ഗോളടിയന്ത്രം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി തന്നെയാണ് അവരുടെ പ്രധാന ആയുധം. കൂടാതെ മുള്ളര്‍, ഗ്‌നാബറി എന്നിവരും മികച്ച ഫോമിലാണ്. പിഎസ്ജിയാവട്ടെ നെയ്മര്‍, കിലിയന്‍ എംബാപ്പെ, മാര്‍ക്വീഞ്ഞോസിനെ, ആന്‍ഡര്‍ ഹെരേര, തിയാഗോ സില്‍വ, കിംപാബെ എന്നിവരടങ്ങിയ ഇലവനിലൂടെ കിരീടം നേടാമെന്ന് പ്രതീക്ഷയിലാണ്. ഇരു ടീമുകളും എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും ജയം പിഎസ്ജിയ്‌ക്കൊപ്പമായിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് കിരീടം ജര്‍മ്മനിയിലേക്കോ ഫ്രാന്‍സിലേക്കോ എന്നറിയാം ഇനി മണിക്കൂറുകള്‍ മാത്രം.