ചാംപ്യന്‍സ് ലീഗ് ഫൈനല്‍; പോര്‍ച്ചുഗല്‍ വേദിയാവും
ഇംഗ്ലണ്ടിലെ വെംബ്ലിയും വേദിയ്ക്കായി മുന്നിലുണ്ടായിരുന്നു.
ലിസ്ബണ്‍: ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനലിന് പോര്‍ച്ചുഗല്‍ ആതിഥേയത്വം വഹിക്കും. ഈ മാസം 29നാണ് ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും കൊമ്പുകോര്‍ക്കുന്ന ഫൈനല്‍ മല്‍സരം. നേരത്തെ തുര്‍ക്കിയിലെ ഇസ്താംബൂള്‍ ആയിരുന്നു മല്‍സരത്തിന്റെ വേദി. എന്നാല്‍ കൊവിഡ് വ്യാപനം തുര്‍ക്കിയില്‍ അതിശക്തമായതിനെ തുടര്‍ന്നാണ് പുതിയ വേദി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലെ വെംബ്ലിയും വേദിയ്ക്കായി മുന്നിലുണ്ടായിരുന്നു.
രണ്ടും ടീമും ഇംഗ്ലണ്ടില്‍ നിന്നുള്ളതിനാല്‍ വെംബ്ലിയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ഗ്രീന്‍ ലിസ്റ്റിലുള്ള പോര്‍ച്ചുഗലിനായിരുന്നു അവസാന നറുക്ക് വീണത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് സെമി, ഫൈനല്‍ മല്‍സരങ്ങള്‍ 11 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത് പോര്‍ച്ചുഗലിലായിരുന്നു. കൊവിഡ് വ്യാപനം പോര്‍ച്ചുഗലില്‍ കുറവുള്ളതിനാല്‍ നിശ്ചിത ശതമാനം ആരാധകര്‍ക്കും ഫൈനലിന് പ്രവേശനമുണ്ട്.