ചാംപ്യന്‍സ് ലീഗ്: ക്രിസ്റ്റിയിലൂടെ യുവന്റസിന്റെ വമ്പന്‍ തിരിച്ചുവരവ്
ക്രിസ്റ്റ്യാനോ എന്ന ഒറ്റയാന്റെ ഹാട്രിക് മികവിലാണ് യുവന്റസ് ക്വാര്‍ട്ടറിലേക്കു കടന്നത്
ടൂറിന്‍: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ 2-0ത്തിന് തോറ്റ യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന മാന്ത്രിക താരത്തിന്റെ മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ 3-0ത്തിന്റെ ജയം നേടി. ക്രിസ്റ്റിയൂടെയും യുവന്റസിന്റെയും കൂടെ തിരിച്ചുവരവാണ് അവരുടെ തട്ടകത്തില്‍ കണ്ടത്. ക്രിസ്റ്റ്യാനോ എന്ന ഒറ്റയാന്റെ ഹാട്രിക് മികവിലാണ് യുവന്റസ് ക്വാര്‍ട്ടറിലേക്കു കടന്നത്. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന യുവന്റസ് ഗോഡിനും ഗിമിനസും അടങ്ങുന്ന മാഡ്രിഡ് പ്രതിരോധത്തെ മറികടന്നത് രണ്ടാംപാദത്തില്‍ ക്രിസ്റ്റിയുടെ മികവിലായിരുന്നു. മല്‍സരത്തില്‍ എല്ലാ മേഖലയിലും യുവന്റസിന്റെ ആധിപത്യമായിരുന്നു. 27, 49, 86 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ബെര്‍ണാഡസ്‌കിയുടെ ക്രോസില്‍ നിന്ന് വന്ന പന്ത് ക്രിസ്റ്റി മനോഹരമായ ഷോര്‍ട്ടിലൂടെയാണ് ആദ്യഗോള്‍ നേടിയത്. രണ്ടാമത്തെ ഗോള്‍ കാന്‍സെലോയുടെ ബൂട്ടില്‍ നിന്ന് വന്ന ക്രോസ് റൊണോ ഹെഡറിലൂടെ വലയ്ക്കുള്ളില്‍ ആക്കുകയായിരുന്നു. 86ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മൂന്നാംഗോള്‍. ഹാട്രിക്കോടെ 3-2ന്റെ അഗ്രിഗേറ്റ് ജയത്തില്‍ യൂവന്റസ് ക്വാര്‍ട്ടറിലേക്ക് കടന്നു. ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നത്തിനായാണ് ക്രിസ്റ്റ്യാനോയെ റയല്‍ പാളയത്തില്‍ നിന്ന് യുവന്റസിലെത്തിച്ചത്. ലക്ഷ്യപൂര്‍ത്തീകരണത്തിന് റൊണോ ഒരടികൂടി മുന്നിലെത്തിയിരിക്കുകയാണ്. ചാംപ്യന്‍സ് ലീഗില്‍ ഇത്തവണ വമ്പന്‍ തിരിച്ചുവരവുകളാണ് നടന്നത്. റയലിനെതിരേ അയാകസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ടീമുകള്‍ ആദ്യ പാദത്തില്‍ തോറ്റാണ് രണ്ടാം പാദത്തില്‍ വന്‍തിരിച്ചുവരവ് നടത്തി ക്വാര്‍ട്ടറിലെത്തിയത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയെ 7-0ത്തിന് തോല്‍പ്പിച്ചു.