ചാംപ്യന്‍സ് ലീഗ്; കഷ്ടകാലം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി; ഡച്ച് ക്ലബ്ബിനോട് സമനില; ആഴ്‌സണലിനും വമ്പന്‍ ജയം; ബാഴ്‌സയും മുന്നോട്ട്

Update: 2024-11-27 05:47 GMT

ഇത്തിഹാദ്: മോശം ഫോം തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തോല്‍വിക്ക് തുല്യമായ സമനില. ഡച്ച് ക്ലബ്ബ് ഫയ്‌നോഡിനോട് 3-3നാണ് സിറ്റി സമനില വഴങ്ങിയത്. മൂന്ന് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് സിറ്റിയുടെ സമനില. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഫയ്നോഡ് വിജയത്തിന് തുല്യമായ സമനില നേടിയത്. എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയിട്ടും കാര്യമുണ്ടായില്ല. 44, 53 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.മറ്റൊരു ഗോള്‍ 50ാം മിനിറ്റില്‍ ഗുണ്‍ഡോങിന്റെ വകയായിരുന്നു.


 മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ നാലം ജയവുമായി ബാഴ്‌സലോണ. ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. ബാഴ്‌സക്കായി സൂപ്പര്‍ താരം റൊബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. പത്താം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും പിന്നീട് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലുമാണ് ലെവന്‍ഡോസ്‌കിയുടെ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ നൂറാം ഗോള്‍ കൂടിയാണിത്. ചാംപ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(140), ലിയോണല്‍ മെസി(129) എന്നിവര്‍ മാത്രമാണ് ഇനി ലെവന്‍ഡോസ്‌കിക്ക് മുന്നിലുള്ളത്. 66-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.


 മറ്റൊരു പോരാട്ടത്തില്‍ പിഎസ്ജിയെ തോല്‍പിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. മുപ്പത്തി എട്ടാം മിനിറ്റിലായിരുന്നു ബയേണിന്റെ വിജയഗോള്‍. ചാംപ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സ്‌പോര്‍ട്ടിംഗ് സിപിയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തു. മത്സരത്തിന്റെ ഏഴാം മിനിറ്റ് മുതല്‍ ഗോളടി തുടങ്ങിയ ആഴ്‌സണല്‍ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു ആഴ്‌സണല്‍.








Tags:    

Similar News