പ്രീമിയര്‍ ലീഗ് നേട്ടത്തിനായി ചാംപ്യന്‍സ് ലീഗ് സ്വപ്‌നം ത്യജിക്കുന്നു: മുഹമ്മദ് സലാഹ്
തന്റെ ക്ലബ്ബിന്റെ സ്വപ്‌നമാണ് തന്റേതെന്നും അതിനായി ചാംപ്യന്‍സ് ലീഗ് കിരീടമെന്ന മോഹം ത്യജിക്കുന്നുവെന്നും സലാഹ് പറഞ്ഞു
ലണ്ടന്‍: തന്റെ ഏറ്റവും വലിയ സ്വപ്‌നം ചാംപ്യന്‍സ് ലീഗ് കിരീടമാണെന്നും എന്നാല്‍ തന്റെ ക്ലബ്ബും എന്നെ സ്‌നേഹിക്കുന്നവരും പ്രീമിയര്‍ ലീഗ് കിരീടത്തിനായാണ് ആഗ്രഹിക്കുന്നതെന്നും ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. തന്റെ ക്ലബ്ബിന്റെ സ്വപ്‌നമാണ് തന്റേതെന്നും അതിനായി ചാംപ്യന്‍സ് ലീഗ് കിരീടമെന്ന മോഹം ത്യജിക്കുന്നുവെന്നും സലാഹ് പറഞ്ഞു. നിലവില്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് താഴെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ ഉള്ളത്. കിരീടം നേടാന്‍ ഇനി ലിവര്‍പൂളിന് എട്ടുമല്‍സരങ്ങള്‍ ഉണ്ട്. ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടമെന്ന സ്വപ്‌നമാണ് ലിവര്‍പൂള്‍ കൊണ്ടുനടക്കുന്നത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കുമായി ലിവര്‍പൂളിന്റെ മല്‍സരം നാളെയാണ്. ചാംപ്യന്‍സ് ലീഗ് കിരീടനേട്ടം മഹത്തായ ഒന്നാണെന്നും എന്നാല്‍ ടീം പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ അതിലേറെ സന്തോഷമുണ്ടാവുമെന്നും സലാഹ് പറയുന്നു. ടീമിനു വേണ്ടി എന്റെ സ്വപ്‌നം മാറ്റിവയ്ക്കാന്‍ തയ്യാറാണ്. രണ്ടു കിരീടങ്ങളും ലിവര്‍പൂളിലേക്ക് വരികയാണെങ്കില്‍ അതിലേറെ സന്തോഷമുണ്ടാവുമെന്നു ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ കൂടിയായ സലാഹ് പറഞ്ഞു. ലീഗില്‍ സിറ്റി തീര്‍ച്ചയായും താഴേക്ക് പോവും. അടുത്ത മല്‍സരങ്ങള്‍ വിജയിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക തന്നെ ചെയ്യും സലാഹം വ്യക്തമാക്കി.