കോപ്പയില്‍ നാളെ സാംബാ താളത്തിനെതിരേ ബൊളീവിയ
ആതിഥേയരായ ബ്രസീലിനാണ് മുന്‍തൂക്കമെങ്കിലും റാങ്കിങില്‍ 63ാം സ്ഥാനക്കാരായ ബൊളീവിയയും ഭേദപ്പെട്ട ഫോമിലാണ്. പ്രവചനങ്ങളിലെ ജയം ബ്രസീലിനൊപ്പമാണ്.
സാവോ പോളോ: ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തിരിതെളിയുമ്പോള്‍ ആദ്യ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത് ബ്രസീലും ബൊളീവിയയും. ആതിഥേയരായ ബ്രസീലിനാണ് മുന്‍തൂക്കമെങ്കിലും റാങ്കിങില്‍ 63ാം സ്ഥാനക്കാരായ ബൊളീവിയയും ഭേദപ്പെട്ട ഫോമിലാണ്. പ്രവചനങ്ങളിലെ ജയം ബ്രസീലിനൊപ്പമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മിന്നും ഫോമിലാണ് കോച്ച് ടീറ്റെയുടെ കുട്ടികള്‍. 2007ന് ശേഷം കോപ്പയില്‍ കിരീടമുയര്‍ത്താന്‍ ബ്രസീലിനായിട്ടില്ല. ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്. സൂപ്പര്‍ താരം നെയ്മര്‍ ഇല്ലെങ്കിലും എടുത്ത പറയത്തക്ക താരങ്ങളുമായാണ് ബ്രസീലിന്റെ വരവ്.
റിച്ചാര്‍ലിസണ്‍, വില്ല്യന്‍, ഗബ്രിയേല്‍ ജീസസ്, റൊബെര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പോ കുട്ടീഞ്ഞോ, ഡാനി ആല്‍വസ്, തിയാഗോ സില്‍വ, ഫിലിപ്പേ ലൂയിസ് എന്നിവരെല്ലാം തകര്‍പ്പന്‍ ഫോമിലാണ്. എട്ടു തവണ ചാംപ്യന്‍മാരായ ബ്രസീല്‍ ബൊളീവിയയെ എത്ര ഗോളിന് തോല്‍പ്പിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ബ്രസീലിനെ ഞെട്ടിച്ച് അട്ടിമറിവീരന്‍മാരാവാനുള്ള ശ്രമത്തിലാണ് ബൊളീവിയ. 1963ല്‍ ചാംപ്യന്‍മാരായ ബൊളീവിയയുടെ പോരാട്ടം 1999ല്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ അവസാനിക്കുകയായിരുന്നു.
2015ല്‍ പെറുവിനോട് തോറ്റ് ബൊളീവിയയുടെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. 2016ല്‍ ഒന്നാം റൗണ്ടില്‍ തന്നെ ടീം പുറത്താവുകയായിരുന്നു. തുടര്‍ന്ന് ഇത്തവണയാണ് ബൊളീവിയ കോപ്പയില്‍ യോഗ്യത നേടുന്നത്. നാളെ രാവിലെ ആറുമണിക്കാണ് മല്‍സരം. ഇന്ത്യയില്‍ മല്‍സരം സംപ്രേക്ഷണമില്ല.