അതിരുവിട്ട ആഹ്ലാദപ്രകടനം; ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക് വന്നേക്കും

Update: 2019-03-16 04:18 GMT

റോം: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിലെ വിജയത്തിന് ശേഷം യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അമിത ആഹ്ലാദപ്രകടനത്തിന് നടപടി വന്നേക്കും. മല്‍സരശേഷം സൈഡ്‌ലൈനിനടുത്ത് വച്ച് റൊണോ മോശമായ ആംഗ്യം കാണിച്ച് പ്രകടനം നടത്തിയിരുന്നു. ഈ നടപടിയാണ് താരത്തിന് വിനയായിരിക്കുന്നത്. ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ നിന്ന് വിലക്കോ പിഴയോ ഈടാക്കാവുന്ന കുറ്റമാണ് റൊണോ ചെയ്തിരിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ തോറ്റ യുവന്റസ് റൊണോയുടെ ഹാട്രിക്ക് മികവിലാണ് രണ്ടാം പാദത്തില്‍ ജയിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ പാദത്തില്‍ ജയിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിയും സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന തരത്തിലാണ് റൊണാള്‍ഡോയും ആംഗ്യം കാണിച്ചത്. നേരത്തെ സിമിയോണിക്കെതിരേ ഫിഫ ഇതിന് നടപടി എടുത്തിരുന്നു. ഇതിനാല്‍ പോര്‍ച്ചുഗല്‍ താരത്തിനെതിരേയും നടപടി വന്നേക്കും. അയാക്‌സ് ആണ് യുവന്റസിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍. ഏപ്രില്‍ ഒമ്പതിനാണ് മല്‍സരം. മല്‍സരത്തില്‍ വിലക്ക് വരുകയാണെങ്കില്‍ താരത്തിന് ക്വാര്‍ട്ടര്‍ നഷ്ടമാവും. യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് ഇത് വന്‍ തിരിച്ചടിയാവും.

അതിനിടെ പോര്‍ച്ചുഗല്‍ താരം ഒമ്പതുമാസങ്ങള്‍ക്ക് ശേഷം ടീമിനൊപ്പം ചേര്‍ന്നു. യുവന്റസില്‍ കളിക്കുന്നതിനാല്‍ ദേശീയ ടീമില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ട് റൊണോ അവധിയിലായിരുന്നു. യൂറോ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായാണ് താരം ടീമില്‍ തിരിച്ചെത്തിയത്.

Tags:    

Similar News