യുവന്റസിന് ജയം; റൊണാള്‍ഡോയ്ക്ക് റെക്കോഡ്
61 മല്‍സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയത്.
ടൂറിന്‍: സീരി എയില്‍ ലാസിയോക്കെതിരേ യുവന്റസിന് ജയം. വാശിയേറിയ മല്‍സരത്തില്‍ 2-1നാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് യുവന്റസ് വര്‍ധിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളാണ് യുവന്റസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
ഗോള്‍ നേട്ടത്തോടെ ഇറ്റാലിയന്‍ സീരി എയില്‍ അതിവേഗം 50 ഗോളുകള്‍ എന്ന അപൂര്‍വ്വ നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി. 61 മല്‍സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയത്. 68 മല്‍സരങ്ങളില്‍ നിന്ന് 50 ഗോള്‍ നേടിയ ഷെവ് ചെങ്കോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. കൂടാതെ പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സീരി എ എന്നീ ലീഗുകളില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. രണ്ട് സീസണുകളിലായാണ് താരം 50 ഗോള്‍ നേടിയത്. ഈ സീസണില്‍ 30 ഗോളാണ് പോര്‍ച്ചുഗല്‍ താരം നേടിയത്. പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനായി 84 ഗോളുകളും സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിനായി 311 ഗോളുകളും താരം നേടിയിട്ടുണ്ട്. സീരി എയില്‍ ടോപ് സ്‌കോറര്‍ കൂടിയാണ് റൊണാള്‍ഡോ. ലാസിയോക്കെതിരേ 51ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്ന റൊണോയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് 54ാം മിനിറ്റില്‍ ഡിബാലയുടെ പാസ്സില്‍ നിന്നും റോണോ അടുത്ത ഗോളും നേടി. യുവന്റസിന് ലീഗില്‍ ശേഷിക്കുന്നത് നാല് മല്‍സരങ്ങളാണ്. നാല് പോയിന്റ് കൂടി നേടിയാല്‍ യുവന്റസിന് കിരീടം നേടാം. ഇന്റര്‍മിലാന് ലീഗില്‍ 72 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് അറ്റ്‌ലാന്റയും (71), നാലാം സ്ഥാനത്ത് ലാസിയോയുമാണ്.