ചരിത്രനേട്ടവുമായി റൊണാള്‍ഡോ; അന്താരാഷ്ട്ര ഗോളുകള്‍ 100

സ്വീഡനെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 100 ഗോള്‍ എന്ന നേട്ടമാണ് താരം പോര്‍ച്ചുഗലിനായി സ്വന്തമാക്കിയത്.

Update: 2020-09-09 08:10 GMT

ലിസ്ബണ്‍: ലോകം ഫുട്ബോളിലെ രാജാവ് താന്‍ തന്നെയെന്ന് തെളിയിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് കപ്പിലെ 100ാം ഗോള്‍ നേട്ടമാണ് താരത്തെ ഇന്ന് മറ്റൊരു റെക്കോഡിലേക്ക് എത്തിച്ചത്. സ്വീഡനെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 100 ഗോള്‍ എന്ന നേട്ടമാണ് താരം പോര്‍ച്ചുഗലിനായി സ്വന്തമാക്കിയത്. യൂറോപ്പില്‍ ആദ്യമായാണ് ഒരുതാരം 100 ഗോള്‍ നേട്ടം കരസ്ഥമാക്കുന്നത്. ലോകഫുട്ബോളില്‍ രണ്ടാമതും. 109 ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസം അലിദെയാണ് ഗോളുകളുടെ നേട്ടത്തില്‍ ലോകത്ത് ഒന്നാമതുള്ളത്.

165 മല്‍സരങ്ങളില്‍നിന്നാണ് റൊണോ 100 ഗോള്‍ നേടിയത്. ഒമ്പത് ഗോള്‍ കൂടെ നേടിയാല്‍ അലിദെയുടെ റെക്കോഡും പഴങ്കഥയാവും. നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനായി നേഷന്‍സ് ലീഗില്‍ തന്നെ ഒമ്പത് ഗോള്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് യുവന്റസ് താരം. യൂറോപ്പില്‍ ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോയ്ക്കു പിന്നിലുള്ളത് മുന്‍ ഇതിഹാസതാരം പുഷ്‌കാസ് (84) ആണ്. ഇന്ത്യയുടെ സുനില്‍ ഛേത്രിയ്ക്ക് 72 ഗോളും ലയണല്‍ മെസ്സിക്ക് 70 ഗോളുമാണുള്ളത്. സ്വീഡിനെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി. 45, 72 മിനിറ്റുകളിലായാണ് താരത്തിന്റെ ഗോള്‍ നേട്ടം.  

Tags:    

Similar News