പെലെയെ മറികടന്ന് റൊണാള്‍ഡോ; മുന്നില്‍ ബിക്കന്‍ മാത്രം
ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഓസ്‌ട്രേലിയയുടെ ജോസഫ് ബിക്കനാണ് ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത്.
ടൂറിന്‍: ദേശീയ ടീമിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. ലോക ഫുട്‌ബോളിലെ റെക്കോഡുകളുടെ തോഴാനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് ഉഡിനീസിനെതിരായ മല്‍സരത്തിലാണ് ഇതിഹാസ താരം ബ്രസീലിന്റെ പെലെയുടെ റെക്കോഡിനെ മറികടന്നത്. ഉഡിനിനീസിനെതിരേ താരം ഇരട്ട ഗോള്‍ നേടിയതോടെ തന്റെ ഗോള്‍ നേട്ടം 758 ആയി ഉയര്‍ത്തി. പെലെ 757 ഗോളാണ് നേടിയത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഓസ്‌ട്രേലിയയുടെ ജോസഫ് ബിക്കനാണ് ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത്. ബിക്കന്റെ പേരില്‍ 759 ഗോളാണുള്ളത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ലോകഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ റൊണാള്‍ഡോയ്ക്ക് സ്വന്തമാവും. സീരി എയില്‍ നടന്ന മല്‍സരത്തില്‍ ഉഡിനീസിനെ 4-1നാണ് യുവന്റസ് തോല്‍പ്പിച്ചത്. ജയത്തോടെ യുവന്റസ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
പെലെയുടെ ക്ലബ്ബ് ഗോള്‍ റെക്കോഡ് അടുത്തിടെ ലയണല്‍ മെസ്സി തകര്‍ത്തിരുന്നു. റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ക്കാന്‍ മെസ്സിക്ക് 16 ഗോള്‍ കൂടി വേണം. റൊണാള്‍ഡോയേക്കാള്‍ 200 മല്‍സരങ്ങള്‍ കുറവാണ് മെസ്സി കളിച്ചത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടിയാണ് റൊണാള്‍ഡോ 758 ഗോള്‍ സ്വന്തമാക്കിയത്.
സീരി എയില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ എ സി മിലാന്‍ ബെനവെന്റോയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു.