ഗോള്‍ നിഷേധിച്ച സംഭവം; റൊണാള്‍ഡോയ്ക്ക് വിലക്കിന് സാധ്യത
റൊണാള്‍ഡോ ആംബാന്‍ഡ് ഊരി കളം വിട്ടിരുന്നു.
ലിസ്ബണ്‍: സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ആംബാന്‍ഡ് വലിച്ചൂരി ഗ്രൗണ്ട് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്ക് സാധ്യത. ഫിഫയുടെ അച്ചടക്ക സമിതി താരത്തിനെ ഒരു മല്‍സരത്തില്‍ നിന്ന് വിലക്കിയേക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ബിയക്കെതിരേ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ നേടിയ ഗോളാണ് റഫറി നിഷേധിച്ചത്. മല്‍സരം 2-2 സമനിലയിലായിരുന്നു കലാശിച്ചത്. റൊണാള്‍ഡോയുടെ ഗോള്‍ അനുവദിക്കുന്ന പക്ഷം പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ ജയിക്കുമായിരുന്നു. എന്നാല്‍ പന്ത് ഗോള്‍ ലൈനിനും മുമ്പേ സെര്‍ബിയന്‍ താരം തട്ടിയകറ്റിയെന്ന് ചൂണ്ടികാട്ടിയാണ് റഫറി ഗോള്‍ നിഷേധിച്ചത്. മല്‍സരം അവസാനിക്കുന്നതിന് മുന്‍മ്പ് തന്നെ റൊണാള്‍ഡോ ആംബാന്‍ഡ് ഊരി കളം വിട്ടിരുന്നു. എന്നാല്‍ റഫറിയുടെ ഗോള്‍ നിഷേധിച്ച തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു. റഫറി താരത്തിന് മഞ്ഞകാര്‍ഡ് വിധിച്ചിരുന്നു. എന്നാല്‍ മല്‍സരശേഷം റഫറി പോര്‍ച്ചുഗല്‍ ടീമിനോടും പരിശീലകനോടും മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ക്യാപ്റ്റനായ റൊണാള്‍ഡോയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.