ഇറ്റലിയില്‍ റൊണാള്‍ഡോയ്ക്ക് ഭീഷണിയായി ഇമ്മൊബിലെ; ഗോളടിയില്‍ മുന്നില്‍
കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയ റൊണാള്‍ഡോ നിരവധി ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച പെനാല്‍റ്റിയും താരം പാഴാക്കി.
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഭീഷണിയുള്ള ഏക താരമാണ് ലാസിയോയുടെ സിറോ ഇമ്മൊബിലെ. ഗോളടിയില്‍ തുടക്കം മുതലെ ക്രിസ്റ്റിക്ക് ഇമ്മൊബിലെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ലീഗ് അവസാനിക്കാന്‍ രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ ടോപ് സ്‌കോറര്‍ പട്ടത്തിനായി മുന്നിലുള്ളത് ഇമ്മൊബിലെയാണ്. 34 ഗോളുകളാണ് താരം ഈ സീസണില്‍ നേടിയത്.
യൂറോപ്പിലെ ടോപ് സ്‌കോറര്‍ ആയ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഒപ്പമാണ് ഇമ്മൊബിലെ ഉള്ളത്. ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് തന്നെയാണ് താരത്തിന്റെ ലക്ഷ്യവും. കഴിഞ്ഞ ദിവസം ഹെല്ലാസ് വെറോണയ്‌ക്കെതിരേ നേടിയ ഹാട്രിക്കാണ് ഇമ്മൊബിലെയെ പുതിയ നേട്ടത്തിലേക്ക് സഹായിച്ചത്. ലീഗില്‍ ലാസിയോക്ക് രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഇമ്മൊബിലെ 34 ഗോളുമായി ഒന്നാമതുള്ളത്. റൊണാള്‍ഡോയാവട്ടെ 31 ഗോളുമായി രണ്ടാമതാണുള്ളത്.
കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയ റൊണാള്‍ഡോ നിരവധി ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച പെനാല്‍റ്റിയും താരം പാഴാക്കി. ഇമ്മൊബിലെ ആവട്ടെ ലെവന്‍ഡോസ്‌കിയുടെ റെക്കോഡ് തകര്‍ത്ത് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബൂട്ട് അടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞ മല്‍സരത്തില്‍ 5-1നാണ് ലാസിയോ വെറോണയെ തോല്‍പ്പിച്ചത്. ലീഗില്‍ അവര്‍ നാലാം സ്ഥാനത്താണുള്ളത്. രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ ചാംപ്യന്‍സ് ലീഗ് യോഗ്യതയാണ് ലാസിയോയുടെ ലക്ഷ്യം. ഇറ്റാലിയന്‍ താരമായ ഇമ്മൊബിലെ മുമ്പ് സെവിയ്യക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.