മൊറോക്കന്‍ ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
റബാത്ത്: പ്രകൃതിക്ഷോഭം നാശനഷ്ടം വിതച്ച മൊറോക്കന്‍ ജനതകള്‍ക്ക് അഭയമൊരുക്കി ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം ഹോട്ടലില്‍ താമസം ഒരുക്കുകയാണ് താരം. ദുരന്തബാധിതര്‍ക്ക് അഭയമൊരുക്കുന്നത് മറാക്കിഷിലെ പെസ്താന സിആര്‍7 എന്ന ഹോട്ടലിലാണ്. സ്പാനിഷ് മാധ്യമമായ 'മാഴ്‌സ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ താരം അനുശോചനം അറിയിച്ചിരുന്നു. റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് മൊറോക്കോയിലുള്ള എല്ലാവര്‍ക്കും സ്‌നേഹവും പ്രാര്‍ത്ഥനകളും അറിയിക്കുന്നുവെന്നാണ്. മുമ്പ് തുര്‍ക്കി, സിറിയ തുടങ്ങിയിടത്തുണ്ടായ പ്രകൃതിക്ഷോഭത്തിലും റൊണാള്‍ഡോ സഹായഹസ്തവുമായി എത്തിയിരുന്നു. മൊറോക്കോയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ വന്‍ഭൂകമ്പം സെപ്റ്റംബര്‍ എട്ടിനാണ് ഉണ്ടായത്. മറാക്കിഷിന്റെ ദക്ഷിണ-പടിഞ്ഞാറന്‍ മേഖലകളിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആയിരകണക്കിന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരികേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.