റെക്കോഡുകളുടെ തോഴന്‍ റൊണാള്‍ഡോയ്ക്ക് ഇന്ന് 36ാം ജന്‍മദിനം
ഇനിയൊരു 10 വര്‍ഷം കൂടി താന്‍ ലോകഫുട്‌ബോളില്‍ മാറ്റുരയ്ക്കുമെന്ന് റോണോ പറയുന്നു.
ലിസ്ബണ്‍: ലോക ഫുട്‌ബോളിലെ റെക്കോഡുകളുടെ തോഴാനായ പോര്‍ച്ചുഗലിന്റെ യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 36ാം ജന്‍മദിനം. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (763) നേട്ടം അടുത്തിടെ സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ആരാധകരുടെ ആശംസാ പ്രവാഹമാണ് നടക്കുന്നത്. കൂടുതല്‍ ഗോള്‍ നേടിയ ജോസഫ് ബിക്കന്‍, പെലെ എന്നിവരുടെ റെക്കോഡാണ് റൊണാള്‍ഡോ അടുത്തിടെ തകര്‍ത്തത്. 36ന്റെ നിറവിലും 18നെ വെല്ലുന്ന ആരോഗ്യവുമായാണ് റോണോയുടെ യാത്ര. ലോക ഫുട്‌ബോളില്‍ ഇത്രയേറേ റെക്കോഡുകള്‍ വാരിക്കൂട്ടിയ മറ്റൊരു താരവും ഇല്ല. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ , മറഡോണ എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഭാവി പ്രവചിച്ച താരമാണ് സിആര്‍ 7 എന്ന റൊണാള്‍ഡോ. റൊണാള്‍ഡോയ്ക്ക് അസാധ്യമായത് ഒന്നുമില്ലെന്നും അദ്ദേഹം തന്റെ കരിയറിനായി ചെയ്യുന്ന പ്രയ്തനം ഒരു താരവും നടത്തിയിട്ടുണ്ടാവില്ലെന്നും അര്‍ജന്റീന്‍ താരം ലയണല്‍ മെസ്സിയും നേരത്തെ വ്യക്തമാക്കിയിരുന്നു. മെസ്സി തന്റെ എതിരാളിയല്ലെന്ന് റൊണോയും പറഞ്ഞിരുന്നു.നിലവിലെ ആരോഗ്യം തുടരുകയാണെങ്കില്‍ ഇനിയൊരു 10 വര്‍ഷം കൂടി താന്‍ ലോകഫുട്‌ബോളില്‍ മാറ്റുരയ്ക്കുമെന്ന് റോണോ പറയുന്നു.വിരമിക്കല്‍ എന്ന വാചകം താന്‍ മനസ്സില്‍ പോലും ചിന്തിക്കാത്തതാണെന്നും ക്രിസ്റ്റിയാനോ പറയുന്നു. പിതാവായ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കണമെന്ന മകന്റെ ആഗ്രഹത്തിന് അതും് സംഭവിക്കുമെന്നാണ് ക്രിസറ്റിയാനോയുടെ ഉത്തരം.
ഏറെ കഷ്ടത നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. പട്ടിണി കാരണം തന്റെ മാതാവ് ഗര്‍ഭിണിയായിരിക്കെ തന്നെ വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചതായി റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ ഇന്നത്തെ നേട്ടങ്ങള്‍ കാണാന്‍ തന്റെ പിതാവ് ഇല്ലാത്തതാണ് തന്റെ ഏറ്റവും വലിയ ദുഖമെന്ന് റോണോ പറയുന്നു.
36 കാരനായ റോണാ ദിവസവും ജിമ്മില്‍ മാത്രം ചിലവഴിക്കുന്ന അഞ്ചു മണിക്കൂറിനടുത്താണ്. ലോക ഫുട്‌ബോളില്‍ എന്നല്ല കായിക ലോകത്ത് ഒരു താരത്തിനുമില്ലാത്ത ബോഡി പവറാണ് റോണായ്ക്കുള്ളതെന്ന് നിരവധി താരങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സ്വ പ്രയ്തനം കൊണ്ടാണ് പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്ന ക്ലബ്ബില്‍ നിന്ന് ലോക ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവിന്റെ സിംഹാസനത്തില്‍ റോണോ എത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളിലൂടെയുള്ള താരത്തിന്റെ പ്രയാണം തുടരുകയാണ്. റോണോയുടെ മികവിലാണ് റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബ് ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ ക്ലബ്ബിലേക്ക് ഉയര്‍ന്നത്. റയലിലൂടെയാണ് താരം മിക്ക റെക്കോഡുകളും നേടിയത്. ലോകത്തെ എല്ലാ പ്രമുഖ ലീഗുകളിലും തനിക്ക് കളിക്കണം. തന്റെ പ്രകടനം ലോകത്തെ എല്ലാ ഫുട്‌ബോള്‍ ഗ്രൗണ്ടുകളിലും നടക്കണം എന്ന ആഗ്രഹമാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിനുള്ളത്.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍, ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍, കൂടുതല്‍ ചാംപ്യന്‍സ് ലീഗ് ഗോളുകള്‍, കൂടുതല്‍ ക്ലബ്ബ് ഗോളുകള്‍, കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങള്‍, ഫിഫാ പുരസ്‌കാരങ്ങള്‍, യുവേഫയുടോ ടോപ് സ്‌കോറര്‍, കൂടുതല്‍ അസിസ്റ്റുകള്‍ ഇങ്ങിനെ അവസാനിക്കാതെ പോകുന്നു പോര്‍ച്ചുഗലിന്റെ രാജകുമാരന്റെ റെക്കോഡുകള്‍. യൂറോ കപ്പ് നേടിയ പോര്‍ച്ചുഗലിനായി ലോകകപ്പ് നേടണമെന്നാണ് സിആര്‍7ന്റെ ആഗ്രഹം. പോര്‍ച്ചുഗല്‍ എന്ന ടീമിന് വേണ്ടിയുള്ള മല്‍സരങ്ങളിലെ തോല്‍വിയാണ് തനിക്ക് താങ്ങാന്‍ കഴിയാത്തതെന്നും താരം പറഞ്ഞിട്ടുണ്ട്. ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് കരഞ്ഞ സന്ദര്‍ഭങ്ങളും പോര്‍ച്ചുഗലിന്റെ തോല്‍വിയ്ക്കായിരുന്നു. സ്ഥിരമായി നിരവധി ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന റോണോ മികച്ച സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയാണ്. ഫലസ്തീനികള്‍ക്ക് വേണ്ടി ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ചുരുക്കം താരങ്ങളില്‍ പ്രധാനിയാണ്. റോണോ. ജോര്‍ജ്ജീനാ റൊഡ്രിഗസാണ് ഭാര്യ. നാല് മക്കളും താരത്തിനുണ്ട്.