ലേലത്തിന് വച്ച ഡീഗോ മറഡോണയുടെ ജെഴ്‌സി ഒറിജിനല്‍ അല്ലെന്ന് കുടുംബം
ആ ജെഴ്‌സി മറ്റാരുടെയോ കൈയില്‍ ആണ്.
ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ലേലത്തില്‍ വച്ച ജെഴ്‌സി ഒറിജിനല്‍ അല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം. ദൈവത്തിന്റെ കൈ തൊട്ട ഗോള്‍ എന്ന് എന്ന് ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ച മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ലോകകപ്പില്‍ മറഡോണ ധരിച്ച ജെഴ്‌സിയാണ് ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുന്നത്. 1986 ലോകകപ്പ് ക്വാര്‍ട്ടറിലെ 51ാം മിനിറ്റിലാണ് മറഡോണ ഐതിഹാസിക ഗോള്‍ നേടിയത്. മല്‍സരശേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ ജെഴ്‌സി കൈമാറിയിരുന്നു. തുടര്‍ന്ന് ജെഴ്‌സി ഹോഡ്ജിന്റെ കൈയിലായിരുന്നു. 35 വര്‍ഷമായി ജെഴ്‌സി ഇംഗ്ലണ്ടിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലായിരുന്നു. ഈ ജെഴ്‌സിയാണ് ലേലത്തില്‍ വച്ചിരിക്കുന്നത്.ഏപ്രില്‍ 20 മുതല്‍ മെയ്യ് നാല് വരെയാണ് ഓണ്‍ലൈന്‍ ലേലം.
തന്റെ പിതാവ് ധരിച്ച ജെഴ്‌സിയല്ല ഇതെന്നും ഹോഡ്ജിന്റെ കൈയില്‍ ആ ജെഴ്‌സിയില്ലെന്നും മറഡോണയുടെ മകള്‍ ഡെല്‍മ പറയുന്നു.ആ ജെഴ്‌സി മറ്റാരുടെയോ കൈയില്‍ ആണ്. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക നല്ല കാര്യങ്ങള്‍ക്ക് ഹോഡ്ജ് ഉപയോഗിക്കുകയാണെങ്കില്‍ നല്ലതെന്നും ഡെല്‍മ പറയുന്നു. ജെഴ്‌സി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് മറഡോണയുടെ മുന്‍ പത്‌നി ക്ലൗഡിയാ വില്ലാഫെനാ അറിയിച്ചു.