വമ്പന്‍മാര്‍ക്ക് ജയം; ലാ ലിഗയില്‍ റയല്‍; പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും സിറ്റിയും
ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ചെല്‍സി തോല്‍പ്പിച്ചു.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ ഹുസ്‌കയെ 4-1ന് തോല്‍പ്പിച്ച് റയല്‍ ഒന്നാം സ്ഥാനത്തെത്തി. 40ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെയാണ് റയല്‍ ഗോള്‍ വേട്ട തുടങ്ങിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഹസാര്‍ഡ് റയലിനായി ഗോള്‍ നേടുന്നത്. പരിക്കിന്റെ പിടിയിലായ താരം അടുത്തിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. കരീം ബെന്‍സിമ (45,90) ഇരട്ട ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ വാല്‍വെര്‍ഡെയുടെ (54) വകയായിരുന്നു.മറ്റൊരു മല്‍സരത്തില്‍ സെവിയ്യയെ അത്‌ലറ്റിക്കോ ബില്‍ബാവോ 2-1ന് തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഡി ബ്രൂണിയുടെ അസിസ്റ്റില്‍ നിന്നും വാല്‍ക്കറാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. ചെല്‍സിയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ താരമായ ഹക്കീം സിയെച്ച് ആണ് ആദ്യ ഗോള്‍ നേടിയത്. താരം മറ്റൊരു ഗോളിന് വഴിയൊരുക്കയും ചെയ്തു. ഹക്കീമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണ്. സൗമാ, വെര്‍ണര്‍ എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും ഡോര്‍ട്ട്മുണ്ടിനും ജയം. കൊളോണെ 2-1ന് തോല്‍പ്പിച്ച് ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ട് അര്‍മിനായി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഡോര്‍ട്ടമുണ്ട് രണ്ടാം സ്ഥാനത്താണ്. ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റ വിജയവഴിയില്‍ തിരിച്ചെത്തി. ക്രോടോനിനെതിരേ 2-1ന്റെ ജയമാണ് അറ്റ്‌ലാന്റ നേടിയത്.