കോപ്പയില്‍ ചിലിയെ തളച്ച് ഉറുഗ്വെ; ജപ്പാനും ഇക്വഡോറും പുറത്ത്
മറ്റൊരു മല്‍സരത്തില്‍ ജപ്പാനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. ഇതോടെ ജപ്പാന്റെ ക്വാര്‍ട്ടര്‍ മോഹം അവസാനിക്കുകയായിരുന്നു.
റിയാഡോ ജനീറ: കോപ്പാ അമേരിക്കയില്‍ മുന്‍ ചാംപ്യന്‍മാരായ ചിലിയെ ഉറുഗ്വെ തളച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയുടെ ജയം. ജയത്തോടെ ഉറുഗ്വെ ഗ്രൂപ്പ് സി ചാംപ്യന്‍മാരായി. പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയുടെ 82ാം മിനിറ്റിലെ ഗോളാണ് ഉറുഗ്വെയ്ക്ക് വിജയം നല്‍കിയത്. കരുത്തന്‍മാരുടെ മല്‍സരത്തില്‍ ചിലിക്കായിരുന്നു മുന്‍തൂക്കം. മികച്ച കളി പുറത്തെടുത്ത ചിലിക്ക് പക്ഷേ ഗോള്‍ നേടാനായില്ല. എന്നാല്‍ കിട്ടിയ അവസരം മുതലാക്കി കവാനി ഗോള്‍ നേടുകയായിരുന്നു. ഉറുഗ്വെ നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ആറ് പോയിന്റുമായി ചിലി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സിയില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ജപ്പാനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. ഇതോടെ ജപ്പാന്റെ ക്വാര്‍ട്ടര്‍ മോഹം അവസാനിക്കുകയായിരുന്നു. ഇന്ന് ജയിക്കുകയായിരുന്നെങ്കില്‍ പോയിന്റ് അടിസ്ഥാനത്തില്‍ ജപ്പാന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. ജപ്പാനുവേണ്ടി ഷോയാ നഖാജിമാ(15)യാണ് ഗോള്‍ നേടിയത്. 35ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ മീനായാണ് ഇക്വഡോറിന്റെ സമനില ഗോള്‍ നേടിയത്. മികച്ച രണ്ട് മൂന്നാം സ്ഥാനക്കര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ഗ്രൂപ്പ് എയില്‍ നിന്ന് പെറുവും ഗ്രൂപ്പ് ബിയില്‍ നിന്ന് പരാഗ്വെയും ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ പെറുവിനെയാണ് ഉറുഗ്വെ നേരിടുക. ചിലിയാവട്ടെ കൊളംബിയയെയാണ് നേരിടേണ്ടത്.