വീണ്ടും യൂറോപ്പില്‍ എല്‍ ക്ലാസ്സിക്കോ പോരാട്ടം

സ്പാനിഷ് കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പ് സെമിയിലാണ് ചിരവൈരികളായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുന്നത്.

Update: 2019-02-02 06:01 GMT

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന എല്‍ ക്ലാസ്സിക്കോ പോരാട്ടം വരുന്നു. സ്പാനിഷ് കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പ് സെമിയിലാണ് ചിരവൈരികളായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുന്നത്. രണ്ടുമാസത്തിനിടെ ഇരുവരും തമ്മിലുള്ള മൂന്ന് കളികള്‍ക്കാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. സെമിയിലെ രണ്ട് പാദമല്‍സരവും സ്പാനിഷ് ലീഗിലെ മറ്റൊരു മല്‍സരത്തിലുമാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്.

ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ്‌നുവിലാണ് ആദ്യപാദ സെമി. രണ്ടാം പാദ സെമി ഈ മാസം അവസാനം റയലിന്റെ ഹോംഗ്രൗണ്ടിലാണ്. തുടര്‍ന്ന് മാര്‍ച്ചിലാണ് സ്പാനിഷ് ലീഗിലെ പോരാട്ടം. തുടര്‍ച്ചയായി നാലുതവണ ബാഴ്‌സ കോപാ ഡെല്‍ റേ കിരീടം ചൂടിയിട്ടുണ്ട്. 2014ല്‍ ആണ് റയല്‍ അവസാനമായി ചാംപ്യന്‍ഷിപ്പ് നേടിയത്. അതിനുശേഷം ആദ്യമായാണ് സെമിയില്‍ പ്രവേശിക്കുന്നത്.

മറ്റൊരു സെമിയില്‍ വലന്‍സിയ റയല്‍ ബെറ്റിസിനെ നേരിടും. ജിറോണയെ ഇരുപാദങ്ങളിലുമായി

7-3ന് തോല്‍പ്പിച്ചാണ് റയലിന്റെ സെമി ബെര്‍ത്ത്. സെവിയ്യയെ 6-3ന് തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയില്‍ പ്രവേശിച്ചത്. 

Tags:    

Similar News