എല്‍ ക്ലാസിക്കോയില്‍ സമനില

മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയുടെ അടുത്ത കാലത്തെ ഏറ്റവും മോശം കളിക്കാണ് നൗകാപ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്

Update: 2019-02-07 02:48 GMT

ബാഴ്‌സലോണ: സ്പാനിഷ് കോപാ ഡെല്‍ റേയുടെ ആദ്യപാദ സെമിയിലെ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് പോരാട്ടം സമനിലയില്‍. ആരാധകരുടെ പ്രതീക്ഷ തകര്‍ത്ത 1-1 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. സൂപ്പര്‍ ഫോമിലുള്ള ബാഴ്‌സയെ ആറാം മിനിറ്റില്‍ റയല്‍ ഞെട്ടിച്ചു. കരീം ബെന്‍സേമ ബാക്ക് ക്രോസ് ചെയ്ത് നല്‍കിയ പന്ത് ലൂക്കാസ് വാസ്‌ക്വസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയുടെ അടുത്ത കാലത്തെ ഏറ്റവും മോശം കളിക്കാണ് നൗകാപ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ പ്രകടനം കാണികളെയും നിരാശരാക്കി. ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും ബാഴ്‌സയ്ക്കായില്ല. ആദ്യ പകുതിയില്‍ ബാഴ്‌സയുടെ സമനിലയ്ക്കായുള്ള ലക്ഷ്യം ഫലം കണ്ടില്ല. തുടര്‍ന്ന് 57ാം മിനിറ്റില്‍ മാല്‍കോമിലൂടെ ബാഴ്‌സ സമനില പിടിച്ചു. സുവാരസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് മാല്‍കോം റയല്‍ പ്രതിരോധത്തെ വെട്ടിച്ച് വലയിലാക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യപകുതിയില്‍ ഇറങ്ങാതിരുന്നു മെസ്സി 64ാം മിനിറ്റിലാണ് ഇറങ്ങിയത്. എന്നാല്‍ ടീമിനായി കാര്യമായ സംഭാവന നല്‍കാന്‍ മെസ്സിക്കായില്ല. ഫൈനലിലേക്ക് ആര് എന്ന ചോദ്യത്തിന് ഈ മാസം 28ന് നടക്കുന്ന രണ്ടാം പാദമല്‍സരഫലത്തിന് കാത്തുനില്‍ക്കണം. റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.




Tags:    

Similar News