യൂറോ കപ്പ്; ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇന്നിറങ്ങും
വമ്പന്‍മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയവരാണ് സ്വീഡന്‍.
വെംബ്ലി: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഇന്ന് വന്‍ പോരാട്ടം.പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ശക്തരായ ഇംഗ്ലണ്ട് സ്‌കോട്ട്‌ലാന്റിനെ നേരിടുമ്പോള്‍ ആദ്യ ജയം തേടി ക്രൊയേഷ്യ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സ്‌കോട്ട്‌ലാന്റും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയെ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് അവസാന 16ല്‍ ഇടം നേടാം. സ്‌കോട്ട്‌ലാന്റാവട്ടെ ആദ്യ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് രണ്ട് ഗോളിന് തോറ്റിരുന്നു. രാത്രി 12.30ന് വെംബ്ലിയിലാണ് മല്‍സരം.
രാത്രി 9.30ന് നടക്കുന്ന മല്‍സരത്തിലാണ് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുന്നത്. ഒരു ജയമുള്ള ചെക്ക് ഇന്ന് അനായാസം ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ശ്രമിക്കുക. ക്രൊയേഷ്യയാവട്ടെ ആദ്യ ജയത്തിനുള്ള ശ്രമമാണ്. മികച്ച ടീമുള്ള ക്രൊയേഷ്യക്ക് ആദ്യ മല്‍സരത്തില്‍ വേണ്ടത്ര ഫോമിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല.
6.30ന് നടക്കുന്ന ഗ്രൂപ്പ് ഇയിലെ മല്‍സരത്തില്‍ സ്വീഡന്‍ സ്ലൊവാക്കിയയെ നേരിടും. പോളണ്ടിനെ തോല്‍പ്പിച്ചാണ് സ്ലൊവാക്കിയ വരുന്നത്. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി അവര്‍ ഒന്നാമത് നില്‍ക്കുന്നു. വമ്പന്‍മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയവരാണ് സ്വീഡന്‍.