ആഫ്‌ക്കോണ്‍; അടിതെറ്റി അള്‍ജീരിയ; 35 മല്‍സരങ്ങളിലെ കുതിപ്പിന് അവസാനം കുറിച്ചത് ഇക്വിറ്റേറിയല്‍
അള്‍ജീരിയയുടെ അവസാന മല്‍സരം വ്യാഴാഴ്ച ഐവറി കോസ്റ്റിനെതിരേയാണ്.
യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ നിലവിലെ ജേതാക്കളും ഫിഫാ അറബ് കപ്പ് ചാംപ്യന്‍മാരുമായ അള്‍ജീരിയക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഇക്വിറ്റേറിയല്‍ ഗുനിയാണ് അള്‍ജീരിയയെ ഏകഗോളിന് പരാജയപ്പെടുത്തിയത്. ഇതോടെ 35 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള അള്‍ജീരിയന്‍ കുതിപ്പിന് അവസാനമായി. 70ാം മിനിറ്റില്‍ ഒബോനോയാണ് ഇക്വിറ്റേറിയലിന്റെ വിജയ ഗോള്‍ നേടിയത്. തോല്‍വിയോടെ അള്‍ജീരിയയുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം അസ്ഥാനത്താണ്.
മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിച്ചാവും ചാംപ്യന്‍മാര്‍ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് പ്രവചിക്കുക. ഗ്രൂപ്പില്‍ അള്‍ജീരിയ അവസാന സ്ഥാനത്താണ്. അള്‍ജീരിയയുടെ അവസാന മല്‍സരം വ്യാഴാഴ്ച ഐവറി കോസ്റ്റിനെതിരേയാണ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഐവറികോസ്റ്റ് ഇന്ന് നടന്ന മല്‍സരത്തില്‍ സിയേറാ ലിയോണെയെ 2-2 സമനിലയില്‍ പിടിച്ചു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇക്വിറ്റേറിയല്‍.ആദ്യമല്‍സരത്തില്‍ സിയേറ ലിയോണെ അള്‍ജീരിയയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചിരുന്നു.