പോര്‍ച്ചുഗലിന് വീണ്ടും സമനില; റൊണാള്‍ഡോയ്ക്ക് പരിക്ക്
സെര്‍ബിയക്കെതിരേയാണ് സമനില. ആദ്യമല്‍സരത്തില്‍ ഉക്രെയ്‌നിനെതിരേ ഗോള്‍രഹിത സമനിലയായിരുന്നെങ്കില്‍ ഇത്തവണ 1-1നാണ് മല്‍സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റ്റാഡിക്കാണ് സെര്‍ബിയയെ മുന്നിലെത്തിച്ചത്.
ബെല്‍ഗ്രേഡ്: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില. സെര്‍ബിയക്കെതിരേയാണ് സമനില. ആദ്യമല്‍സരത്തില്‍ ഉക്രെയ്‌നിനെതിരേ ഗോള്‍രഹിത സമനിലയായിരുന്നെങ്കില്‍ ഇത്തവണ 1-1നാണ് മല്‍സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റ്റാഡിക്കാണ് സെര്‍ബിയയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 42ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ ഡാനിലോയിലൂടെ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് ഉണര്‍ന്നുകളിച്ച ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല.
അതിനിടെ, സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മല്‍സരത്തിനിടെ പരിക്കേറ്റു. 31ാം മിനിറ്റിലാണ് റൊണാള്‍ഡോയ്ക്ക് കാലിന്റെ പിന്‍തുട ഞെരമ്പിന് പരിക്കേറ്റത്. തുടര്‍ന്ന് താരം സബ്സ്റ്റിറ്റിയൂട്ടിനെ ആവശ്യപ്പെട്ട് കളത്തില്‍നിന്ന് പിന്‍മാറി. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന റൊണാള്‍ഡോയ്ക്ക് പരിക്കേല്‍ക്കുന്നത് വളരെ അപൂര്‍വമാണ്. റൊണാള്‍ഡോയുടെ പരിക്ക് യുവന്റസ് ക്ലബ്ബില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഏപ്രില്‍ 10നാണ്. അയാകസാണ് യുവന്റസിന്റെ എതിരാളി.