യൂറോ കപ്പ്; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; റൊണാള്‍ഡോ അലി ദെയ്‌ക്കൊപ്പം
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ എന്ന ഇറാന്‍ താരം അലി ദെയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
യൂറോ കപ്പ്; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; റൊണാള്‍ഡോ അലി ദെയ്‌ക്കൊപ്പം
പാരിസ്: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോക റെക്കോഡിന് വഴിയൊരുക്കിയ ഇരട്ട ഗോളാണ് പോര്‍ച്ചുഗലിന് തുണയായത്. ഗ്രൂപ്പ് എഫിലെ മരണ പോരാട്ടത്തില്‍ ഫ്രാന്‍സിനെ 2-2 സമനിലയില്‍ പിടിച്ചാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ പ്രവേശനം. ഹംഗറിയോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ജര്‍മ്മനിയും പ്രീക്വാര്‍ട്ടറില്‍ കടന്നു.
തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും ഒപ്പത്തിനൊപ്പമായിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 30ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയായിരുന്നു പറങ്കിപ്പടയുടെ ലീഡ്. ഡാനിയോളെയെ കീപ്പര്‍ വീഴ്ത്താന്‍ ശ്രമിച്ചതിന് ലഭിച്ചതായിരുന്നു ഈ പെനാല്‍റ്റി. ഇതിന് തിരിച്ചടിയായി ഫ്രാന്‍സിന്റെ കരീം ബെന്‍സിമ 45ാം മിനിറ്റില്‍ ഒരു ഗോള്‍ അടിച്ചു.ഇതും പെനാല്‍റ്റിയിലൂടെയായിരുന്നു. എംമ്പാപ്പെയെ വീഴ്ത്താന്‍ സെമെഡോ ശ്രമിച്ചതിനായിരുന്നു ഈ പെനാല്‍റ്റി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ കരീം ബെന്‍സിമയുടെ ആദ്യ ഗോളായിരുന്നു ഇത്.രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെന്‍സിമ പോഗ്‌ബെയുടെ അസിസ്റ്റില്‍ നിന്ന് ഒരു ഗോള്‍ കൂടി നേടി. ഇതിന് മറുപടിയായി റൊണാള്‍ഡോ 60ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ സമനില ഗോളും നേടി. റൊണാള്‍ഡോയുടെ കരിയറിലെ അന്താരാഷ്്ട്ര ഗോളുകളുടെ എണ്ണം ഇതോടെ 109 ആയി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ എന്ന ഇറാന്‍ താരം അലി ദെയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു. 178 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.
കരുത്തരായ ജര്‍മ്മനിയെ രണ്ട് തവണ ഞെട്ടിച്ചുകൊണ്ടാണ് ഹംഗറി യൂറോ കപ്പില്‍ നിന്നും വിടവാങ്ങിയത്. സലായിലൂടെ 11ാം മിനിറ്റിലും ഷഫറിലൂടെ 68ാം മിനിറ്റിലും ഹംഗറി ലീഡെടുക്കുകയായിരുന്നു. എന്നാല്‍ ഹാവര്‍ട്‌സിലൂടെ 66ാം മിനിറ്റിലും ഗൊരറ്റസ്‌കയിലൂടെ 84ാം മിനിറ്റിലും ജര്‍മ്മനി തിരിച്ചടിച്ചു.