പറങ്കിപടയെ വീഴ്ത്തി ജോര്‍ജ്ജിയ യൂറോ പ്രീക്വാര്‍ട്ടറില്‍; തുര്‍ക്കിക്കും ടിക്കറ്റ്

Update: 2024-06-27 04:40 GMT

ഗെല്‍സന്‍കിര്‍ഹന്‍: ശക്തരായ പോര്‍ച്ചുഗലിനെ യൂറോയില്‍ വീഴ്ത്തി കന്നിക്കാരായ ജോര്‍ജ്ജിയ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്റെ തോല്‍വി. തോറ്റെങ്കിലും 6 പോയിന്റുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായാണു (4 പോയിന്റ്) ജോര്‍ജിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് 2ാം മിനിറ്റിലാണു നാപ്പോളി താരമായ കവാരട്ഹെലിയ സ്‌കോര്‍ ചെയ്തത്. ഡിഫന്‍ഡര്‍ ആന്റോണിയോ സില്‍വയുടെ പിഴവില്‍ നിന്നു ലഭിച്ച പന്തുമായി പോര്‍ച്ചുഗല്‍ ഗോളിലേക്ക് ഓടിയെത്തിയ കവാരട്ഹെലിയ കൃത്യമായി ഫിനിഷ് ചെയ്തു. 57ാം മിനിറ്റില്‍ ജോര്‍ജസ് മികൗടഡസാണ് ജോര്‍ജിയയ്ക്കായി പെനല്‍റ്റി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റെഡ് കാര്‍ഡ് നേടി 10 പേരായി ചുരുങ്ങിയിട്ടും തളരാതെ പിടിച്ചു നിന്ന ചെക്ക് റിപ്പബ്ലിക്കിനെ അവസാന നിമിഷം തോല്‍പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: തുര്‍ക്കി: 2, ചെക്ക്: 1. തുര്‍ക്കിക്കായി ക്യാപ്റ്റന്‍ ഹക്കാന്‍ ടള്‍ഹാനൊഗ്ലുവു (51ാം മിനിറ്റ്), സെക് ടോസു (90+4) എന്നിവര്‍ ഗോള്‍ നേടി. ചെക്ക് റിപ്പബ്ലിക്കിനായി ക്യാപ്റ്റന്‍ തോമസ് സൗചെക്ക് (66) സ്‌കോര്‍ ചെയ്തു. ഗോള്‍ വ്യത്യാസത്തിലെ ആനുകൂല്യവും 6 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതു ഫിനിഷ് ചെയ്താണു തുര്‍ക്കി നോക്കൗട്ടിലെത്തിയത്.







Tags:    

Similar News