തുര്‍ക്കി വിളയാട്ടം അവസാനിച്ചു; യൂറോ സെമിയില്‍ നെതര്‍ലന്റസ്-ഇംഗ്ലണ്ട് പോര്
ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈനപ്പായി. അവസാന ക്വാര്‍ട്ടറില്‍ തുര്‍ക്കിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് നെതര്‍ലന്‍ഡ്‌സ് സെമിയില്‍ സ്ഥാനംപിടിച്ചു. നേരത്തെ സ്വിറ്റ്സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ടും സെമിയിലെത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനെ സ്പെയിനും ഇംഗ്ലണ്ടിനെ നെതര്‍ലന്‍ഡ്സും നേരിടും.
കൊണ്ടുംകൊടുത്തുമുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റില്‍ തുര്‍ക്കി മുന്നിലെത്തിയിരുന്നു. സാമെത് അകായ്ദിനാണ് വലകുലുക്കിയത്. ഗോള്‍മടക്കാന്‍ നെതര്‍ലന്‍ഡ്‌സും ലീഡ് ഉയര്‍ത്താന്‍ തുര്‍ക്കിയും പിന്നാലെ കിണഞ്ഞുപരിശ്രമിച്ചു. എഴുപതാം മിനിറ്റില്‍ സ്റ്റെഫാന്‍ ഡി വ്രിജിലൂടെ നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തി. ആറ് മിനിറ്റിനകം നെതര്‍ലന്‍ഡ്‌സ് ലീഡ് പിടിച്ചു. ഗാക്‌പോയുടെ മെയ്ക്കരുത്തില്‍ വീണുകിട്ടിയ ഗോളായിരുന്നു ഇത്. ഗോളിനായി തുര്‍ക്കി താരങ്ങള്‍ പരക്കംപാഞ്ഞപ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ രക്ഷകനായി ഗോളി വെര്‍ബ്രുഗന്‍ മാറി. അങ്ങനെ നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെതര്‍ലന്‍ഡ്‌സ് യൂറോയുടെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 2004ന് ശേഷം ആദ്യമായാണ് ഓറഞ്ച് പട സെമിയിലെത്തുന്നത്.