'സുഖമായിരിക്കുന്നു'; ആശുപത്രിയിലെ ആദ്യ ഫോട്ടോ പുറത്ത് വിട്ട് എറിക്‌സണ്‍
താരത്തിന് ഹൃദയസ്തംഭനം സംഭവിച്ചതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കോപ്പന്‍ഹേഗ്: യൂറോ കപ്പില്‍ ഫിന്‍ലാന്റിനെതിരായ ആദ്യ മല്‍സരത്തില്‍ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണന്റെ ആശുപത്രിയിലെ ആദ്യ ഫോട്ടോ പുറത്ത് വന്നു. സുഖമായിരിക്കുന്നു എന്ന തലക്കെട്ടോടെ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും സന്ദേശമയച്ചവര്‍ക്കും നന്ദിയറിക്കുന്നു. താന്‍ സുഖമായിരിക്കുന്നു. ചില പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിയണം. ഡെന്‍മാര്‍ക്കിന്റെ അടുത്തമല്‍സരത്തിന് ആരവമുയര്‍ത്താന്‍ ആരാധകര്‍ക്കൊപ്പം താനുമുണ്ടാവും-എറിക്‌സണ്‍ കുറിച്ചു.
29കാരനായ ഇന്റര്‍മിലാന്‍ താരത്തിന് യൂറോയിലെ ഉദ്ഘാടന ദിവസത്തെ രണ്ടാം മല്‍സരത്തിലെ ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. താരം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി എറിക്സണെ പരിശോധിക്കുകയായിരുന്നു. എന്നാല്‍ എറിക്സണ്‍ പൂര്‍വ്വ സ്ഥിതിയിലായില്ല. തുടര്‍ന്ന് കൂടുതല്‍ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ സ്ട്രെച്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ഏറെ നേരങ്ങള്‍ക്ക് ശേഷമായിരുന്നു എറിക്‌സണ് ബോധം തിരിച്ചുകിട്ടിയത്. താരത്തിന് ഹൃദയസ്തംഭനം സംഭവിച്ചതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.