ഛേത്രി പുസ്‌കാസിനൊപ്പം;ഏഷ്യന്‍ കപ്പില്‍ ഹോങ്കോങിനെ നാലടിച്ച് തകര്‍ത്തു
എന്നാല്‍ ഗ്രൂപ്പിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ യോഗ്യത കരസ്ഥമാക്കിയത്.
കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ യോഗ്യത നേടി. ഇന്ന് നടന്ന മല്‍സരത്തില്‍ ഹോങ്കോങിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത് നേരത്തെ ഫലസ്തീന്‍ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ യോഗ്യത കരസ്ഥമാക്കിയത്.
ഇന്ത്യയ്ക്കായി അന്‍വര്‍ അലി (2), സുനില്‍ ഛേത്രി (45), മന്‍വീര്‍ സിങ് (85), ഇഷാന്‍ പണ്ഡിതാ (ഇഞ്ചുറി ടൈം) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ഛേത്രി ഗോളടിയില്‍ ഫുട്‌ബോള്‍ ഇതിഹാസം പുസ്‌കാസിന്റെ റെക്കോഡിനൊപ്പമെത്തി. പുസ്‌കാസ് 84 അന്താരാഷ്ട്ര ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ഛേത്രിക്ക് മുന്നില്‍ മെസ്സി, മൊക്തര്‍ ദഹാരി, അലി ദേ, റൊണാള്‍ഡോ എന്നിവരാണുള്ളത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്‍വര്‍ അലി ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു.