ഇന്ത്യയ്ക്ക് ഏഷ്യന്‍ കപ്പ് യോഗ്യത നേടികൊടുത്തത് ജോത്സ്യനോ? ; നല്‍കിയത് 16 ലക്ഷം

ഭാരവാഹികള്‍ നിരവധി വിദേശയാത്രകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Update: 2022-06-22 11:04 GMT


ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടത്തിപ്പിനെതിരേ വ്യാപകമായ പരാതികള്‍ ലഭിക്കുകയും തുടര്‍ന്ന് ഫിഫ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് അടുത്തിടെയാണ്. ഫെഡറേഷന്‍ ഭരണ നേതൃത്വത്തില്‍ പിടിച്ചുതൂങ്ങിയ കമ്മിറ്റിയെ പുറത്താക്കിയത് സൂപ്രിംകോടതിയാണ്. ഫെഡറേഷന്റെ അഴിമതികഥകള്‍ ഓരോന്നായി പുറത്ത് വരികയാണ്. ഏറ്റവും പുതിയതായി ഫെഡറേഷന്‍ ഇന്ത്യയുടെ ജയത്തിനായി ജോതിഷ ഏജന്‍സിക്ക് 16 ലക്ഷം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത ഇന്ത്യക്ക് ലഭിച്ചത് ഫെഡറേഷന്റെ ജോതിഷ ഏജന്‍സിയുടെ ഇടപെടലാണെന്നാണ് ഭാരവാഹികളുടെ പക്ഷം. എന്നാല്‍ നിലവില്‍ മുന്‍ നേതൃത്വം ഇതില്‍ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് യോഗ്യത ലഭിക്കാനായി ജോതിഷ ഏജന്‍സിക്ക് എഐഎഫ്എഫ് 16 ലക്ഷം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതായത് കോച്ച് സ്റ്റിമാച്ചിന്റെ തന്ത്രങ്ങളും ഇന്ത്യന്‍ കളിക്കാരുടെ പ്രകടനവുമല്ല ടീമിന്റെ ജയത്തിന് പിന്നില്‍.ഇതാണ് ഫെഡറേഷന്‍ ഭാഷ്യം.

ഫെഡറേഷന്‍ നടപടിക്കെതിരേ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ലോക ഫുട്‌ബോളിന് മുന്നില്‍ ഇന്ത്യ പരിഹാസപാത്രമാവുകയാണെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമോയ് ബോസ് അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്തിന് മുമ്പ് തന്നെ നിരവധി യൂത്ത് ലീഗുകള്‍ നടത്തുന്നതില്‍ ഫെഡറേഷന്‍ പരാജയപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് ഫെഡറേഷന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് പറയുമ്പോഴും ഭാരവാഹികള്‍ നിരവധി വിദേശയാത്രകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.


നിലവില്‍ ഫിഫ ഫെഡറേഷന്‍ നടത്തിപ്പില്‍ മുഴുവന്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ ഫെഡറേഷന്റെ ഭാഗത്ത് കൂടുതല്‍ തെറ്റുണ്ടാകുന്ന പക്ഷം ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്കുണ്ടാവും.




Tags:    

Similar News