രണ്ട് സ്ഥാനം താഴോട്ട്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി
റാങ്കിങില്‍ 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
സൂറിച്ച്: ഫിഫ റാങ്കിങില്‍ ഇന്ത്യ രണ്ട് സ്ഥാനം താഴോട്ട്. ഫിഫയുടെ പുതിയ ലോക റാങ്കിങ് പട്ടികയില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ. റാങ്കിങില്‍ 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയെ സമനിലയില്‍ തളച്ച ബംഗ്ലാദേശാകട്ടെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 184ാം സ്ഥാനത്തേക്ക് കയറി.
റാങ്കിങില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാമതും തുടരുന്നു. ഉറുഗ്വേ ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാമതെത്തിയപ്പോള്‍ ക്രൊയേഷ്യ(7), അര്‍ജന്റീന(9) എന്നിവരും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും സ്‌പെയിന്‍ എട്ടാം സ്ഥാനത്തും കൊളംബിയ പത്താം സ്ഥാനത്തുമാണ്.
മൂന്ന് സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തിയ ഉക്രെയ്ന്‍(22), ജപ്പാന്‍(28), നാല് സ്ഥാനം മെച്ചപ്പെടുത്തിയ തുര്‍ക്കി(32), അഞ്ച് സ്ഥാനം ഉയര്‍ന്ന റഷ്യ(37) എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ടീമുകള്‍. മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി(15), ജര്‍മനി(16) എന്നിവര്‍ക്ക് സ്ഥാനമാറ്റമില്ല.