റോയല്‍ രാജസ്ഥാന്‍; ശിവം ഡുബേ (64), ജയ്‌സ്വാല്‍(50) ; ചെന്നൈയെ മുട്ടുകുത്തിച്ചു
190 എന്ന കൂറ്റന്‍ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പിങ്ക് സിറ്റിക്കാര്‍ മറികടന്നത്.
അബുദാബി: തകര്‍പ്പന്‍ ഫോമില്‍ പ്ലേ ഓഫില്‍ ആദ്യം കയറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. 190 എന്ന കൂറ്റന്‍ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പിങ്ക് സിറ്റിക്കാര്‍ മറികടന്നത്.
തുടക്കം മുതലെ രാജസ്ഥാന്‍ അടിച്ചുതകര്‍ത്തിരുന്നു. പതിവുപോലെ പടിക്കല്‍ കലം ഉടയ്ക്കുന്ന രാജസ്ഥാന്‍ അല്ല ഇന്ന് അബുദാബിയില്‍ കളിച്ചത്. 42 പന്തിലാണ് ഇന്ന് രാജസ്ഥാന്റെ ഹീറോ ആയ ശിവം ഡുബേ 64* റണ്‍സ് നേടിയത്. നാല് സിക്‌സും നാല് ഫോറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്.ഇന്നത്തെ മറ്റൊരു ഹീറോയായ യശ്വസി ജയ്‌സ്വാല്‍ വെറും 21 പന്തിലാണ് 50 റണ്‍സ് നേടിയത്. ലെവിസ് 27 റണ്‍സെടുത്തും ക്യാപ്റ്റന്‍ സഞ്ജു 28 റണ്‍സെടുത്തും പുറത്തായി. ജയത്തോടെ രാജസ്ഥാന്‍ അവരുടെ നഷ്ടപ്പെട്ട പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ജീവന്‍ നല്‍കി. ചെന്നൈക്കായി ശ്രാദ്ദുല്‍ ഠാക്കൂര്‍ രണ്ടും മലയാളി താരം കെ എം ആസിഫ് ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ അപരാജിത സെഞ്ചുറി (101*)യുടെ മികവിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.60 പന്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറി. ഒമ്പത് ഫോറും അഞ്ച് സിക്‌സറുമാണ് ഗെയ്ക്ക്‌വാദ് പറത്തിയത്. ജഡേജ(32*), ഫഫ് ഡുപ്ലിസ്സിസ് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.രാജസ്ഥാനായി തേവാട്ടിയ മൂന്ന് വിക്കറ്റ് നേടി.