ഇഞ്ചോടിഞ്ച്; എട്ട് ഗോള്‍ ത്രില്ലര്‍; ഗോവാ-ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം സമനിലയില്‍
പനാജി: ഐഎസ്എല്ലില്‍ അനായാസം എഫ് സി ഗോവയെ മറികടക്കാമെന്ന ബ്ലാസ്‌റ്റേഴ്‌സ് മോഹങ്ങള്‍ക്ക് തിരിച്ചടി.എട്ട് ഗോള്‍ വീണ ത്രില്ലറില്‍ ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങി. 4-4നാണ് മല്‍സരം അവസാനിച്ചത്.ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമും. ആദ്യ പകുതിയില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു.ലീഗിലെ അവസാന മല്‍സരത്തില്‍ ജോര്‍ജ്ജ് പെരേരാ ഡയസ്സ് ബ്ലാസ്റ്റേഴ്‌സിനായി ഇരട്ട ഗോള്‍ നേടി. 10, 25 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
ഗോവയ്ക്ക് വേണ്ടി ഹാട്രിക്ക് നേട്ടവുമായി എയ്‌റം കബ്രേറാ തിളങ്ങി. 49, 63, 82 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. എയ്ബന്‍ബാ ഡോളിങ് 79ാം മിനിറ്റിലും ഗോവയ്ക്കായി സ്‌കോര്‍ ചെയ്തു. 79ാം മിനിറ്റില്‍ ഗോവ ലീഡെടുത്തുമ്പോള്‍ അവസാന മല്‍സരം കൈവിട്ട് പോവുമെന്ന് ആരാധകര്‍ കരുതി. വീണ്ടും ഗോവ മഞ്ഞപ്പടയെ ഞെട്ടിച്ചു. 82ാം മിനിറ്റില്‍ കബ്രേരാ തന്റെ മൂന്നാം ഗോള്‍ നേടി.
വിട്ടുകൊടുക്കാന്‍ തയ്യാറാവത്ത കൊമ്പന്‍മാര്‍ വിന്‍സി ബരേറ്റോയിലൂടെ 88ാം മിനിറ്റില്‍ തിരിച്ചടിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ലെക്കി സ്റ്റാര്‍ അല്‍വാരോ വാസ്‌ക്വസ് 90ാം മിനിറ്റില്‍ വിജയഗോളിന് തുല്യമായ ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. വിജയതുല്യമായ സമനിലയോടെ ഇരുടീമും ലീഗ് മല്‍സരങ്ങള്‍ക്ക് സമാപനം കുറിച്ചു. ബ്ലാസ്റ്റേഴ്‌സ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.34 പോയിന്റോടെ നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷ് ചെയ്തു. ഗോവ ഒമ്പതാം സ്ഥാനത്തും ഫിനിഷ് ചെയ്തു.