ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; സെമി തുലാസില്‍; വന്‍ ലീഡുമായി ഹൈദരാബാദ്
ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ വിന്‍സി ബെരേറ്റോയുടെ വകയായിരുന്നു.
പനാജി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഐഎസ്എല്‍ സെമി മോഹങ്ങള്‍ക്ക് തിരിച്ചടി. ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരേ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് 2-1ന്റെ തോല്‍വിയാണ് നേരിട്ടത്. ഇതോടെ ടീമിന്റെ സെമി സ്വപ്നം തുലാസില്‍ ആയി. ടീം ലീഗില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 35 പോയിന്റായി. ജയത്തോടെ അവര്‍ സെമി ഉറപ്പിച്ചു. ബാര്‍ത്തലോമെ ഒഗ്ബഷെ 28ാം മിനിറ്റില്‍ ഹൈദരാബാദിനായി ലീഡെടുത്തു. 87ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോ വീണ്ടും അവര്‍ക്ക് ലീഡ് നല്‍കി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ വിന്‍സി ബെരേറ്റോയുടെ വകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നിട്ട് നിന്നു. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം അത് സമ്മര്‍ദ്ധമായി തടഞ്ഞു. ഇഞ്ചുറി ടൈമില്‍ ആയുഷ് അധികാരിയെ തിരിച്ച് വിളിച്ച് ഗീവ്‌സന്‍ സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് ഇറക്കി. ഇത് ടീമിന്റെ ആശ്വാസ ഗോളിലേക്ക് വഴിതെളിയിച്ചു.
51 ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അത് ലക്ഷ്യം കണ്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിനായിറങ്ങിയ രാഹുല്‍ കെ പിക്ക് 83ാം മിനിറ്റില്‍ മഞ്ഞകാര്‍ഡ് ലഭിച്ചു.
ബഗാനെതിരായ മല്‍സരത്തില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കൊമ്പന്‍മാര്‍ ഇന്നിറങ്ങിയത്.സഞ്ജീവ് സ്റ്റാലിന്‍ ലെഫ്റ്റ് ബാക്കിലും ആയുഷും പ്യൂട്ടിയയും മിഡ്ഫീല്‍ഡിങിലും ഇറങ്ങി.