രണ്ട് ഗോള്‍ ലീഡ്; പിന്നെ സമനില; വീണ്ടും ജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്

ലൂണ നല്‍കിയ ഹെഡര്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വച്ച് സഹല്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

Update: 2022-01-02 16:37 GMT


പനാജി: ഐഎസ്എല്ലില്‍ എഫ് സി ഗോവയ്‌ക്കെതിരേ ജയമില്ലാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. രണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കാനായില്ല. എഫ് സി ഗോവ 2-2 നാണ് കേരളത്തെ സമനിലയില്‍ തളച്ചത്. തുടക്കം മുതലെ ബ്ലാസ്‌റ്റേഴ്‌സ് ആണ് ആക്രമണം തുടങ്ങിയത്. 10ാം മിനിറ്റില്‍ ഇന്ത്യയുടെ ജിക്ക്‌സണ്‍ സിങാണ് മല്‍സരത്തില്‍ കേരളത്തിനായി ലീഡെടുത്തത്. ലൂണ എടുത്ത കോര്‍ണര്‍ മികച്ച ഒരു ഹെഡററിലൂടെ ജിക്ക്‌സണ്‍ വലയിലെത്തിക്കുകയായിരുന്നു.





20ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നത്. ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ഗോളാകാന്‍ സാധ്യതയുള്ള ഗോള്‍ നേടിയത് ലൂണയാണ്. 25 വാരെ അകലെ നിന്ന് ലൂണ തൊടുത്ത ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു. ലൂണയുടെ സീസണിലെ രണ്ടാം ഗോളാണ്. 24ാം മിനിറ്റിലാണ് ഗോവ തിരിച്ചടിച്ചത്. ജോര്‍ജ്ജ് ഒര്‍ട്ടിസ് മെന്‍ഡോസാണ് ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 32ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ ഒരു മികച്ച അവസരം കളഞ്ഞു.


 



ലൂണ നല്‍കിയ ഹെഡര്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വച്ച് സഹല്‍ നഷ്ടപ്പെടുത്തുകയായിരുന്നു. 38ാം മിനിറ്റില്‍ എഡു ബേഡിയാണ് ഗോവയുടെ സമനില ഗോള്‍ നേടിയത്. എഡു ബേഡിയുടെ കോര്‍ണര്‍ നേരിട്ട് വലയിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ ഇരുഭാഗത്തും ഉണ്ടായില്ല. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.







Tags:    

Similar News