ഐഎസ്എല്‍; ചാംപ്യന്‍മാര്‍ ഗോവയെ വീഴ്ത്തി തുടങ്ങി
മുന്‍ ഗോവാ താരം അംഗുളോ ഇരട്ട ഗോള്‍ നേടി
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി ജയത്തോടെ തുടങ്ങി.വന്‍ താരനിരയുമായി വന്ന എഫ് സി ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുംബൈ മറികടന്നത്. മുന്‍ ഗോവാ താരം അംഗൂളോ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബ്രസീലിന്റെ കറ്ററ്റാവു ഒരു ഗോളും നേടി. ഗോവന്‍ പ്രതിരോധനിരയ്‌ക്കെതിരേ നിരന്തരം ആക്രമണം അഴിച്ചുവിടാന്‍ മുംബൈ നിരയ്ക്കായി. 33ാം മിനിറ്റിലാണ് അംഗൂളോയുടെ മുംബൈയ്ക്കായുള്ള ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍. 36ാം മിനിറ്റില്‍ താരം രണ്ടാം ഗോളും നേടി. റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.
76ാം മിനിറ്റില്‍ കറ്റാറ്റു മുംബൈയുടെ മൂന്നാം ഗോളും നേടി. അഹ്മദ് ജഹു ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. പകരക്കാരനായി എത്തിയ കറ്ററ്റാവുന്റെ അരങ്ങേറ്റ മല്‍സരമാണ്.
തുടക്കം മുതല്‍ മല്‍സരത്തില്‍ മുംബൈ ആധിപത്യമായിരുന്നു. 13ാം മിനിറ്റില്‍ ഗോളിനായി കുതിച്ച മുംബൈ താരം വിഗ്നേഷിനെ ഗോവയുടെ ലിയാന്‍ഡര്‍ വികുന ഫൗള്‍ ചെയ്തിരുന്നു. എന്നാല്‍ റഫറി പെനാല്‍റ്റി നല്‍കിയില്ല. ഫൗളിനെ തുടര്‍ന്ന് പരിക്കേറ്റ വിഗ്നേഷിനെ മുംബൈ പിന്‍വലിച്ചിരുന്നു.45ാം മിനിറ്റിലും മുംബൈക്ക് മികച്ച അവസരം ലഭിച്ചിരുന്നു. റയ്‌നിയറിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോവ മികവ് പ്രകടിപ്പിച്ചെങ്കിലും ഗോള്‍ നേടാന്‍ ടീമിനായില്ല.