ഐഎസ്എല്‍ സൂപ്പര്‍ ത്രില്ലറില്‍ മുംബൈയെ തകര്‍ത്ത് ജെംഷഡ്പൂര്‍
94ാം മിനിറ്റില്‍ ഗ്രേഗ് സ്റ്റുവര്‍ട്ട് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു.
പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ മുംബൈ സിറ്റിയെ വീഴ്ത്തി ജെംഷഡ്പൂര്‍ എഫ്‌സി. 3-2ന്റെ ആധികാരിക ജയമാണ് ജെംഷഡ്പൂര്‍ നേടിയത്. ജയത്തോടെ ജെംഷഡ്പൂര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മുംബൈ ആവട്ടെ അഞ്ചിലേക്കും വീണു. ആദ്യപകുതിയില്‍ തന്നെ ഇന്ന് ജെംഷഡ്പൂര്‍ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു.ഗ്രേഗ് സ്റ്റുവര്‍ട്ട്(9), ഋത്വിക്ക് ദാസ് (30) എന്നിവരാണ് ജെംഷഡ്പൂരിനായി ആദ്യപകുതിയില്‍ വലകുലിക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ തിരിച്ചവരവ് നടത്തി. 57ാം മിനിറ്റില്‍ രാഹുല്‍ ബെക്കെ, 86ാം മിനിറ്റില്‍ ഡീഗോ മൗറിസിയോ(പെനാല്‍റ്റി) എന്നിവരാണ് മുംബൈയ്ക്ക് സമനില നല്‍കിയത്. എന്നാല്‍ മല്‍സരത്തിന്റെ ഗതി മാറ്റിയ ജെംഷഡ്പൂരിന്റെ ഗോള്‍ പിറന്നത് ഇഞ്ചുറി ടൈമിലായിരുന്നു. 94ാം മിനിറ്റില്‍ ഗ്രേഗ് സ്റ്റുവര്‍ട്ട് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു.