ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട; മരണപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ചെന്നൈയിന്‍

സസ്‌പെന്‍ഷനിലായിരുന്ന പെരേരാ ഡയസ്സ് ഇന്ന് മഞ്ഞപ്പടയ്‌ക്കൊപ്പം ചേരും.

Update: 2022-02-26 06:34 GMT



പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണ പോരാട്ടം.സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മല്‍സരത്തിനായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള കൊമ്പന്‍മാര്‍ക്ക് എതിരാളികള്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയാണ്. 20 പോയിന്റുള്ള ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ചെന്നൈയിന്‍ നില മെച്ചപ്പെടുത്താനിറങ്ങുള്ള മല്‍സരം തീപ്പാറുമെന്നുറപ്പ്.


ടീമിനൊന്നടങ്കം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് നിരയുടെ വിജയകുതിപ്പിന് തടസ്സം വന്നിരുന്നു.എന്നാല്‍ ടീം ഒന്നിനൊന്ന് മികച്ചതാണെന്നും സെമി പ്രതീക്ഷ സജീവമാണെന്നും കോച്ച് ഇവാന്‍ വുകോമനോവിച്ച് അറിയിച്ചു.രാത്രി 7.30നാണ് മല്‍സരം. തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാന്‍ കഴിയൂ.


ടീമിന്റെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളും ജയിക്കേണ്ടതായിരുന്നു. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ഒന്നും ലക്ഷ്യം കാണാത്തത് അവര്‍ക്ക് തിരിച്ചടി ആവുകയായിരുന്നു.


അവസാന മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 2-1ന് പരാജയപ്പെട്ടാണ് ടീം ഇന്നിറങ്ങുന്നത്. അതിന് മുമ്പ് എടികെയോടും സമനില വഴങ്ങി. എന്നാല്‍ ചെന്നൈയിന്‍ന്റെ നിലവിലെ ഫോമും മോശമാണ്. അവസാന ആറ് മല്‍സരങ്ങളില്‍ ജയം നേടാനാവാതെയാണ് ചെന്നൈയിന്‍ എഫ്‌സി വരുന്നത്.


ടീമിന് യാതൊരു സമ്മര്‍ദ്ധവുമില്ലെന്നും എല്ലാ മല്‍സരങ്ങളെയും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു.ചെന്നൈയിനെ ചെറിയ എതിരാളികളായി കാണുന്നില്ല. മികച്ച ടീമാണ് അവര്‍. ഫുട്‌ബോളാണ് മല്‍സരം. ഏത് നിമിഷവും ജയം എത്തിപ്പിടിക്കാം-ഇവാന്‍ വ്യക്തമാക്കി. സസ്‌പെന്‍ഷനിലായിരുന്ന പെരേരാ ഡയസ്സ് ഇന്ന് മഞ്ഞപ്പടയ്‌ക്കൊപ്പം ചേരും. ടീമിന്റെ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം ഉണ്ടാവില്ലെന്ന് കോച്ച് വ്യക്തമാക്കി.


എന്നാല്‍ ചെന്നൈയിന് ഇന്ന് രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നത്. താരങ്ങള്‍ ഇന്ന് കളിക്കുന്നത് അവരുടെ ഭാവിക്ക് വേണ്ടിയാണെന്ന് ടീമിന്റെ താല്‍ക്കാലിക കോച്ച് സെയ്ദ് സാബിര്‍ പാഷ അറിയിച്ചു.


ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ മുംബൈ സിറ്റി എഫ് സി ഗോവയെ നേരിടും. നാലാം സ്ഥാനത്തുള്ള മുംബൈയും സെമി ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. രാത്രി 9.30നാണ് മല്‍സരം. ഗോവ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. 28 പോയിന്റുമായാണ് മുംബൈ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.ബ്ലാസ്‌റ്റേഴ്‌സിന് 27 പോയിന്റാണുള്ളത്.


ഒമ്പതാം സ്ഥാനത്ത് 18 പോയിന്റുമായി നില്‍ക്കുന്ന ഗോവയ്ക്ക് പ്ലേ ഓഫ് മോഹം അവസാനിച്ചതാണ്. എന്നാല്‍ നിലമെച്ചപ്പെടുത്താനാണ് ഗോവ ഇന്നിറങ്ങുന്നത്. ഗോവയ്ക്ക് ഇന്ന് അഭിമാന പോരാട്ടമാണെന്ന് ടീമിന്റെ സെന്റര്‍ ബാക്ക് ഇവാന്‍ ഗോണ്‍സാലസ് പറയുന്നു.അവസാന മല്‍സരത്തില്‍ 3-2നാണ് ഹൈദരാബാദ് എഫ്‌സിയോട് ഗോവ തോറ്റത്. അന്ന് മികച്ച കളി പുറത്തെടുത്ത ടീം ഇന്ന് മുംബൈ വീഴ്ത്താന്‍ തയ്യാറാണെന്നും ഗോണ്‍സാലസ് പറയുന്നു.




Tags:    

Similar News