ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്
സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കേരളത്തിന്റെ രണ്ടാമത്തെ അവസരവും നഷ്ടമായത്.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് ഗോള്‍ രഹിത സമനില വഴങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും അത് പാഴാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കേണ്ട മല്‍സരം കൈവിട്ടത്. ഇരുടീമും ആദ്യ മല്‍സരങ്ങളില്‍ തോറ്റതിനാല്‍ ഇന്ന് ഇരുവര്‍ക്കും ജയം അനിവാര്യമായിരുന്നു. ഇരുടീമും പ്രതിരോധത്തിന് പ്രാധാന്യം നല്‍കി കളിച്ച മല്‍സരത്തില്‍ ആക്രമണം നന്നേ കുറവായിരുന്നു. മൂന്ന് മികച്ച അവസരങ്ങളാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ടത്. ആദ്യപകുതിയില്‍ 36ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ജ്ജ് ഡയസ്സിന്റെ മികച്ച അവസരം പാഴായി പോയി. ഡയസ്സിന്റെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.
51ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കേരളത്തിന്റെ രണ്ടാമത്തെ അവസരവും നഷ്ടമായത്. വിന്‍സി ബരെറ്റോ നല്‍കിയ ക്രോസ് സഹലിന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സഹലിന്റെ ഷോട്ട് പോസ്റ്റ് തട്ടി പുറത്തേക്ക് പോവുകയായിരുന്നു. 54ാം മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സ് നല്ല അവസരം പാഴാക്കി. വീണ്ടും ജോര്‍ജ്ജ് ഡയസ്സ് തന്നെയായിരുന്നു അവസരവുമായെത്തിയത്. എന്നാല്‍ ഇത്തവണ ഡയസ്സിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ കൈക്കലാക്കുകയായിരുന്നു.28ാം മിനിറ്റില്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് കാര്യമായ ഒരു നീക്കം നടത്തിയത്. ഇത് ഗോളി തട്ടിയകറ്റുകയായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ ഇടപെടല്‍ കേരളത്തിന് ആശ്വാസമാവുകയായിരുന്നു. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാന്‍ കഴിയാത്ത നിരാശയിലാണ് ബ്ലാസ്‌റ്റേഴ്‌സ കളം വിട്ടത്.