ഐഎസ്എല്‍; ബെംഗളൂരുവിനെ തകര്‍ത്തെറിഞ്ഞ് ഒഡീഷ എഫ് സി
ഒഡീഷ 3-1നാണ് ജയിച്ചത്.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ് സിക്ക് സ്വപ്‌ന തുടക്കം. ഇന്ന് ശക്തരായ ബെംഗളൂരു എഫ് സിയെ നേരിട്ട ഒഡീഷ 3-1നാണ് ജയിച്ചത്.ജാവിയര്‍ ഹെര്‍ണാണ്ടസ് ഒഡീഷയ്ക്കായി ഇരട്ടഗോളുകള്‍ നേടി. മൂന്ന്, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.മൂന്നാം ഗോള്‍ അരിഡായ് സുവാരസിന്റെ വക ഇഞ്ചുറി ടൈമിലായിരുന്നു. ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ അലന്‍ കോസ്റ്റയുടെ വകയായിരുന്നു. 21ാം മിനിറ്റില്‍ അലന്‍ കോസ്റ്റ സമനില പിടിച്ചെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒഡീഷാ ബെംഗളൂരുവിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കുകയായിരുന്നു.
ഗോള്‍ കീപ്പര്‍ കമല്‍ജിത്തിന്റെ തകര്‍പ്പന്‍ സേവുകളാണ് ഒഡീഷയ്ക്ക് തുണയായത്.61ാം മിനിറ്റില്‍ ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തു. ഇതിനിടെ ബെംഗളൂരുവിന്റെ ക്ലെയ്റ്റണ്‍ സില്‍വ പന്ത് വീണ്ടും വലിയിലെത്തിച്ചിരുന്നു. എന്നാല്‍ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. സുനില്‍ ഛേത്രി ഷോട്ട് അടിക്കുന്നതിന് മുമ്പ് സില്‍വ ബോക്‌സില്‍ കയറി എന്ന് ചൂണ്ടികാട്ടിയാണ് റഫറി പെനാല്‍റ്റി നിഷേധിച്ചത്. പിന്നീട് ബെംഗളൂരു ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കമല്‍ജിത്തിന്റെ മികച്ച സേവുകള്‍ ഒഡീഷയ്ക്ക് ചരിത്ര ജയം നല്‍കുകയായിരുന്നു. ലീഗിലെ ആദ്യ മല്‍സരത്തില്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.