കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരിക്കേറ്റ ആല്‍ബിനോ പുറത്ത്; രാഹുല്‍ ഉടന്‍ തിരിച്ചെത്തും
താരം ചികില്‍സയ്ക്കായി മുംബൈയിലാണുള്ളത്.
പനാജി: ഒഡീഷാ എഫ്‌സിക്കെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പരിക്ക് സാരമുള്ളതെന്ന് ക്ലബ്ബ് അറിയിച്ചു. മുമ്പ് ശസ്ത്രക്രിയ നടത്തിയ അതേ കാലിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും കുറച്ച് മല്‍സരങ്ങള്‍ താരം പുറത്തിരിക്കേണ്ടി വരുമെന്നും ക്ലബ്ബ് വ്യക്തമാക്കി. ആല്‍ബിനോയ്ക്ക് പകരം യുവ ഗോള്‍കീപ്പര്‍ പ്രഭാസുഖാന്‍ ഗില്‍ കളിക്കും.
അതിനിടെ കേരളത്തിന്റെ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ മധ്യനിര താരം കെ പി രാഹുലിന് ശസ്ത്രക്രിയ വേണ്ടെന്ന് കോച്ച് ഇവാന്‍ വുകമാനോവിച്ച് അറിയിച്ചു. താരം ചികില്‍സയ്ക്കായി മുംബൈയിലാണുള്ളത്. പരിക്കില്‍ നിന്ന് മോചിതനായി താരം ഉടന്‍ ക്ലബ്ബിനൊപ്പം ചേരും.