ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്
ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ബകാറി കോനെ കളിയുടെ പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ്‌ഗോള്‍ വഴങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം തടഞ്ഞത്. ഗാരി ഹൂപ്പര്‍, ഫക്കുണ്ടോ പെരേര എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍.
ജിഎംസി സ്റ്റേഡിയം (ഗോവ): അവസാന നിമിഷം ജീക്‌സണ്‍ സിങ് തൊടുത്ത തകര്‍പ്പന്‍ ഹെഡറിലൂടെ നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടു തോല്‍ക്കാതെ രക്ഷപ്പെട്ടു. ഈസ്റ്റ് ബംഗാളിനെ 11 നാണ് ബ്ലാസ്‌റ്റേഴ്‌സ് പിടിച്ചുകെട്ടിയത്. ഇന്‍ജുറി ടൈമിന്റെ അവസാന സമയത്താണ് ജീക്‌സന്റെ മിന്നുന്ന ഹെഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസാമായി ഗോള്‍ പിറന്നത്. പൊരുതിക്കളിച്ചിട്ടും സെല്‍ഫ് ഗോളാണ് ആദ്യ മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തിയത്.
ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ബകാറി കോനെ കളിയുടെ പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ്‌ഗോള്‍ വഴങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം തടഞ്ഞത്. ഗാരി ഹൂപ്പര്‍, ഫക്കുണ്ടോ പെരേര എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍. കെ പി രാഹുല്‍, സെയ്ത്യാസെന്‍ സിങ്, രോഹിത് കുമാര്‍, വിസെന്റ് ഗോമസ് എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങി. പ്രതിരോധത്തില്‍ ബകാറി കോനെ, കോസ്റ്റ നമിയോന്‍സു, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ പ്രതിരോധത്തിലും. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ്.
ഈസ്റ്റ് ബംഗാള്‍ നിരയില്‍ ജാക്വസ് മഗോമ, ആന്തണി പില്‍കിങ്ടണ്‍ എന്നിവര്‍ മുന്നേറ്റത്തില്‍ ഇറങ്ങി. ബികാഷ് ജയ്‌റു, ഹയോബം സിങ്, മുഹമ്മദ് റഫീഖ്, മാറ്റി സ്‌റ്റെയ്ന്‍മാന്‍ എന്നിവര്‍ മധ്യനിരയിലും സുര്‍ചന്ദ്ര സിങ്, സെഹ്‌നാജ് സിങ്, ഡാനിയേല്‍ ഫോക്‌സ്, സ്‌കോട്ട് നെവില്ലെ എന്നിവര്‍ പ്രതിരോധത്തിലും ഇറങ്ങി. ഗോള്‍ കീപ്പറായി ദേബ്ജിത് മജുംദാറും.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം. പെരേരയുടെ ക്രോസില്‍ കോസ്റ്റ കൃത്യമായി തലവച്ചു. പക്ഷേ, പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇതിനിടെ സുര്‍ചന്ദ്രയെ ഫൗള്‍ ചെയ്തതിന് കെ പി രാഹുലിന് മഞ്ഞക്കാര്‍ഡ് കിട്ടി. കളിയില്‍ മേധാവിത്തം നേടുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങിയത്. മഗോമയുടെ ത്രൂബോള്‍ പിടിച്ചെടുത്ത് റഫീഖ് ബോക്‌സിലേക്ക് കടന്നു. പില്‍കിങ്ടണിനെ ലക്ഷ്യമാക്കി പാസ് നല്‍കി. അപകടമൊഴിവാക്കാനുള്ള കോനെയുടെ ശ്രമം പാഴായി. കാലില്‍തട്ടി പന്ത് സ്വന്തം വലയിലേക്ക് പാഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 24ാം മിനിറ്റില്‍ ഗോമെസിന്റെ ലോങ് റേഞ്ച് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തായി. 27ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ ശ്രമത്തെയും ഗോമെസ് സമര്‍ഥമായി ഇടപെട്ട് അടിച്ചകറ്റി. 30ാം മിനിറ്റില്‍ കര്‍ണെയ്‌റോയുടെ ലോങ് റേഞ്ചറും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നിഷു കുമാറിന്റെ ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. പില്‍കിങ്ടണെ ഗോള്‍ ശ്രമത്തെ നിഷു കുമാര്‍ നിര്‍വീര്യമാക്കി.
രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികുന മൂന്ന് മാറ്റങ്ങള്‍ വരുത്തി. ജോര്‍ദാന്‍ മറെ, ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ കളത്തിലെത്തി. രോഹിത് കുമാര്‍, സെയ്ത്യാസെന്‍, ഹൂപ്പര്‍ എന്നിവര്‍ മാറി. പന്തിന്‍മേല്‍ പൂര്‍ണനിയന്ത്രണം നേടിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കളി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ പില്‍കിങ്ടണിന്റെ അപകടരമായ നീക്കത്തെ കോനെ തടഞ്ഞു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമണം നടത്തി. പെരേര തൊടുത്ത കോര്‍ണര്‍ ഈസ്റ്റ് ബംഗാള്‍ ബോക്‌സില്‍ പറന്നെത്തി.
കോനെയുടെ കരുത്തുറ്റ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്ത്. ഈസ്റ്റ് ബംഗാള്‍ വീണ്ടും കോര്‍ണര്‍ വഴങ്ങി. ഇക്കുറി ഗോമെസിന്റെ ഷോട്ടാണ് പുറത്ത് പോയത്. ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞുകൊണ്ടിരുന്നു. 65ാം മിനിറ്റില്‍ നിഷു കുമാറിന്റെ വലതു വശത്തിലൂടെയുള്ള മിന്നുന്ന നീക്കം ഈസ്റ്റ് ബംഗാള്‍ ബോക്‌സിലെത്തി. സഹലിലേക്കായിരുന്നു പാസ്. എന്നാല്‍ സഹലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. 70ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയിലെ ഏറ്റവും തകര്‍പ്പന്‍ നീക്കം. പെരേരയുടെ ലോങ് ക്രോസില്‍നിന്നായിരുന്നു തുടക്കം.
ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ആ ക്രോസ് തട്ടിയകറ്റി. എന്നാല്‍ പന്ത് കിട്ടിയത് സഹലിന്. സഹലിന്റെ ഹെഡര്‍ തട്ടിത്തെറിച്ച് മറെയുടെ കാലില്‍. മറെയുടെ കരുത്തുറ്റ ഷോട്ട് വല ലക്ഷ്യമാക്കി പാഞ്ഞു. എന്നാല്‍, ഈസ്റ്റ് ഗോള്‍ കീപ്പര്‍ ദേബ്ജിതിന്റെ അസമാന്യനീക്കം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷയെ തകര്‍ത്തു. 83ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് മറെയെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഫൗള്‍ ചെയ്തു. ഫ്രീ കിക്ക് പക്ഷേ, പെരേരയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. ഇതിനിടെ മഗോമയുടെ ഗോളിലേക്കുള്ള കരുത്തുറ്റ ഷോട്ട് ആല്‍ബിനോ ഗോമെസ് തട്ടിയകറ്റി. പരിക്കുസമയത്ത് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണവുമായി ഈസ്റ്റ് ബംഗാള്‍ ഗോള്‍മേഖല പിടിച്ചെടുത്തു. ഈ നീക്കങ്ങള്‍ ഗോളിലേക്കെത്തി. കോര്‍ണറില്‍നിന്നുള്ള പന്ത് തട്ടിത്തെറിച്ച് പന്ത് സഹല്‍ ബോക്‌സിലേക്ക് തിരിച്ചുവിട്ടു. കൃത്യം ജീക്‌സന്റെ തലയില്‍. ഈ 19കാരന്റെ ഹെഡര്‍ ബ്ലാസ്‌റ്റേഴ്‌സിന് ആവേശകരമായ സമനിലയൊരുക്കി. ആറ് കളിയില്‍ മൂന്ന് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. 27ന് ഹൈദരാബാദ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.