ഐ എസ് എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് എഫ് സി ഗോവ
വിന്‍സെന്റ് ഗോമസാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മാര്‍ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്നും ജയമില്ല.എഫ് സി ഗോവയെ നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് 3-1ന്റെ തോല്‍വിയാണ് വഴങ്ങിയത്.ജോര്‍ജ്ജി ഓര്‍ടിസ് മെന്‍ഡോസ് (52), ഇഗോര്‍ ആംഗുലോ (ഡബിള്‍-30, 90) എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. വിന്‍സെന്റ് ഗോമസാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരത്തിന്റെ ഒരു മേഖലയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. 90ാം മിനിറ്റിലാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ പിറന്നത്.ഒരു ഹെഡറിലൂടെയായിരുന്നു ഗോമസിന്റെ ഗോള്‍. നിഷു കുമാറിന്റെ അസിസ്റ്റില്‍ നിന്നുമാണ് ഗോമസിന്റെ ഗോള്‍. ഗോവയുടെ മൂന്നാം ഗോള്‍ ബ്ലാസ്‌റ്റേഴസ് ഗോളി ആല്‍ബിനോയുടെ പിഴവില്‍ നിന്നും ് ലഭിച്ചതായിരുന്നു. ഗോമസ് കൈയ്യില്‍ പിടിച്ച പന്ത് കിക്ക് ചെയ്യാനായി നിലത്തിട്ടിരുന്നു. ഈ സമയത്താണ് ഗോവന്‍ താരം ഇഗോര്‍ ആംഗുലോ വലതു വശത്ത് നിന്നും വന്ന് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തട്ടിയത്. ഇതോടെ ആംഗുലോ തന്റെ ഡബിള്‍ സ്വന്തമാക്കി. ഗോവയുടെ സീസണിലെ ആദ്യ ജയമാണിത്. നാല് മല്‍സരങ്ങള്‍ കളിച്ച ഗോവയ്ക്ക് ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണുള്ളത്. ലീഗില്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണുളളത്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡീഷാ എഫ് സിയെ തോല്‍പ്പിച്ചു. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഒഗ്‌ബെചെയും റൗളിങ് ബോര്‍ജ്ജസുമാണ് മുംബൈയ്ക്കായി വലകുലിക്കിയത്. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാമതെത്തി. ഒഡീഷാ ലീഗില്‍ 10ാം സ്ഥാനത്താണ്.